പ്രീമിയം വര്‍ധിപ്പിക്കാനൊരുങ്ങി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍

രാജ്യത്തെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ പോളിസികളുടെ പ്രീമിയം വര്‍ധിപ്പിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എച്ച്ഡിഎഫ്സി എര്‍ഗോ, സ്റ്റാര്‍ ഹെല്‍ത്ത്, നിവാ ബുപ, ന്യൂ ഇന്ത്യ അഷ്വറന്‍സ് എന്നിവയെല്ലാം അവരുടെ വിവിധ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ പ്രീമിയത്തില്‍ വര്‍ധന വരുത്തിയതായാണ് അറിയുന്നത്.എച്ച്ഡിഎഫ്സി എര്‍ഗോയിലെ ‘ഒപ്റ്റിമ സെക്യൂര്‍’, ‘ഒപ്റ്റിമ റിസ്റ്റോര്‍’ പോലുള്ള പ്രധാന പോളിസികളുടെ പ്രീമിയം ഇതിനകം തന്നെ ഓഗസ്റ്റില്‍ ഉയര്‍ന്നു. സ്റ്റാര്‍ ഹെല്‍ത്ത് ഇനിയും പ്രീമിയം 10% മുതല്‍ 15% വരെ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. നിവാ ബുപയുടെ ‘ഹെല്‍ത്ത് കമ്പാനിയന്‍’ പോളിസിയും, രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറര്‍ ആയ ന്യൂ ഇന്ത്യ അഷ്വറന്‍സ് നവംബറില്‍ നിന്നുള്ള 10% പ്രീമിയം വര്‍ധനവുമായും രംഗത്തെത്തും.മെഡിക്കല്‍ ചെലവുകള്‍ ഉയരുന്നത്, മുന്‍കാല രോഗങ്ങളുടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കല്‍, ക്ലെയിമുകളുടെ വര്‍ധന എന്നിവയാണ് പ്രീമിയം വര്‍ധനയ്ക്ക് കാരണമായി കണക്കാക്കപ്പെടുന്നത്.