ആശമാർക്ക് മുന്‍കൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതിൽ പകുതി തുകയാണ് സര്‍ക്കാര്‍ ഇപ്പോൾ അനുവദിച്ചിച്ചിട്ടുള്ളത്.
എൻഎച്ച്എമ്മിന് സര്‍ക്കാരിൽ നിന്ന് അനുവദിക്കുന്ന തുക ആശമാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. സംസ്ഥാനത്തെ 26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.