ഒമാനില്‍ ഗൂഗിള്‍ പേ സേവനം തുടങ്ങി

മസ്കത്ത്:ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒമാനിലും ലബനാനിലും ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ അറിയിച്ചു.ആൻഡ്രോയിഡ് ഫോൺ ഉപകരണങ്ങൾ വഴി ഗൂഗിൾ പേ , ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു. നിലവിൽ ഉപഭോക്താക്കൾക്ക് സൊഹാർ ഇന്റർനാഷണൽ ബാങ്ക് (Sohar International Bank) മാത്രമാണ് ഒമാനിൽ ഗൂഗിൾ പേ സേവനം ലഭ്യമാക്കിയിരിക്കുന്നത്.കോണ്ടാക്റ്റ് ലെസ് പേയ്മെന്റുകൾ സ്വീകരിക്കുന്ന ഇടങ്ങളിൽ ജി പേ ഉപയോഗിച്ച് പണമിടപാടുകൾ നടത്താമെങ്കിലും, സുഹൃത്തുക്കൾക്കോ കുടുംബത്തിനോ പണം അയക്കാനോ സേവനങ്ങൾക്ക് പെയ്മെന്റ് ചെയ്യാനോ ഇവ ഉപയോഗിച്ച് സാധിക്കില്ല. ഗൂഗിള് പേ സപ്പോർട്ടഡ് സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും പർച്ചേസ്/സർവീസ് ചെയ്യാൻ കഴിയും. ഒമാനിൽ നേരത്തെ തുടങ്ങിയ ആപ്പിൾ പേ, സാംസങ് പേ സംവിധാനങ്ങൾക്ക് സമാനമാണിത്. ആപ്പിൾ പേയും സാംസങ് പേയും അതത് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഗൂഗിള് പേ മിക്ക മൊബൈൽഫോൺ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കും.