മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് യുപിയില്‍ തറക്കല്ലിട്ടു; നാഴികക്കല്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിട്ടു. എംഎക്യു സോഫ്റ്റ്‌വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നോയിഡയിലെ സെക്ടർ -145ലാണ് സെന്റർ വരുന്നത്. മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ അതിന്റെ ആസ്ഥാനത്തിന് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ വികസന കേന്ദ്രമായിരിക്കുമിതെന്നും ഈ പുതിയ കാമ്പസോടെ, ഹൈദരാബാദിന് ശേഷം ഉത്തർപ്രദേശ് മൈക്രോസോഫ്റ്റിന്റെ അടുത്ത പ്രധാന താവളമായി മാറുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനുമായ സത്യ നാദെല്ലയ്ക്കും മൈക്രോസോഫ്റ്റ് സംഘത്തിനും ആശംസകൾ നേർന്ന മുഖ്യമന്ത്രി, കമ്പനിയുടെ വടക്കേ ഇന്ത്യയിലെ സാന്നിധ്യത്തെ പ്രശംസിച്ചു. ഉത്തർപ്രദേശിലും വടക്കേ ഇന്ത്യയിലുമായി 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ കേന്ദ്രം മൈക്രോസോഫ്റ്റിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം കഴിഞ്ഞ എട്ട് വർഷമായി ഞങ്ങളുടെ സർക്കാർ’പുതിയ ഇന്ത്യയ്‌ക്കുള്ള പുതിയ ഉത്തർപ്രദേശ്’ എന്ന ആശയത്തിൽ മുന്നോട്ടുപോകുകയാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിലൂടെ ഇന്ത്യയുടെ സാങ്കേതിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഫലപ്രദമായി നടപ്പിലാക്കാനും മൈക്രോസോഫ്റ്റിന്റെ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.