ഇഷ്ടപ്പെട്ട വാർത്തകൾ ഇനി ഓഡിയോ രൂപത്തിൽ; ‘ഡെയ്ലി ലിസൺ’ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

ന്യൂയോർക്: ഗൂഗിള്‍ ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങളനുസരിച്ച് പ്രധാന വാർത്തകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന പുതിയ എഐ ഫീച്ചർ പുറത്തിറക്കി. ‘ഡെയ്ലി ലിസൺ’ എന്ന പേരിലുള്ള ഈ ഫീച്ചർ, ഉപയോക്താവിന്റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്കവർ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ദിവസവാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ പ്രദാനം ചെയ്യുന്നു. ഈ സേവനം ഒരു വാർത്താ പോഡ്കാസ്റ്റ് അനുഭവം നൽകും. പ്രാഥമിക ഘട്ടത്തിൽ അമേരിക്കയിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയത്. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ സേവനം, ടെക്സ്റ്റ് രൂപത്തിലുള്ള വാർത്തകൾ ഓഡിയോയാക്കി മാറ്റുകയാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പ്ലേ, പോസ്, റിവൈൻഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിച്ച് ഈ ഓഡിയോ ഫീച്ചർ ഉപയോഗിക്കാം. സമീപകാലത്ത്, ഗൂഗിള്‍ ഫോട്ടോസ് വഴി മെമ്മറികൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഓർമ്മകളിൽ നിന്ന് ഫോട്ടോയും വീഡിയോയും തിരഞ്ഞെടുത്ത് ക്രമീകരിച്ച് ക്യാപ്ഷനുകൾ ചേർത്ത് വിഭിന്ന പ്ലാറ്റ്ഫോമുകളിൽ പങ്കിടാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഗൂഗിളിന്റെ ഈ നവീന സാങ്കേതികവിദ്യ ഉപയോക്തൃ അനുഭവം കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യമിടുന്നത്.