5ജി ആയാലും സിം മാറ്റണ്ട; പുതിയ മാറ്റങ്ങളോടെ ബി എസ് എൻ എൽ

4ജി,5ജി സേവനങ്ങള്‍ ലഭിക്കുന്ന തരത്തിൽ ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. ഉപയോക്താക്കള്‍ക്ക് നിലവിൽ ഉപയോഗിക്കുന്ന സിം കാര്‍ഡ് മാറ്റാതെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് യൂണിവേഴ്‌സല്‍ സിം കാര്‍ഡിലുള്ളത്.അതായത് ഈ സിം കാര്‍ഡുണ്ടെങ്കില്‍ ബി എസ് എന്‍ എല്‍ 4ജി, 5ജി സേവനങ്ങള്‍ അവതരിപ്പിക്കുമ്പോൾ ഉപയോക്താവിന് അത് ലഭ്യമാകും. പൊതുമേഖലാ സ്ഥാപനത്തെ രക്ഷിച്ചെടുക്കാന്‍ കേന്ദ്രം മൂന്ന് രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. 2019ല്‍ 69,000 കോടി രൂപയും 2022ല്‍ 1.64 ലക്ഷം കോടി രൂപയും അവസാന ഘട്ടമായി 89,047 കോടി രൂപയും അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചതും സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വർധിപ്പിച്ചതും ബി എസ് എന്‍ എല്ലിന് അവസരമായി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ബി എസ് എന്‍ എല്‍ 4ജി സേവനങ്ങള്‍ ലഭ്യമാണ്. വയനാട്ടില്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ ഇതിനോടകം 4ജി സര്‍വീസ് തുടങ്ങി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പരീക്ഷണം നടക്കുന്ന 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷത്തില്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചു.