തൊഴിൽ നികുതി പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ

തദ്ദേശസ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്‌സ്) ഇന്ന് മുതൽ പരിഷ്കരിച്ച രൂപത്തിൽ പ്രാബല്യത്തിൽ വരും. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഈ നികുതി പിരിക്കപ്പെടുന്നു. ആറുമാസത്തെ ശമ്പളം 11,999 രൂപയിൽ താഴെയുള്ളവർക്ക് ഇതിന് ഒഴിവാണ്. നികുതി ഈടാക്കുന്നത് ആറുമാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. തദ്ദേശ സ്ഥാപനങ്ങൾ ഓരോ സാമ്പത്തിക വർഷത്തിലും രണ്ട് ഘട്ടമായി നികുതി ഈടാക്കുന്നു. ഈ പരിഷ്കാരം ആറാം സംസ്ഥാന ധനകാര്യ കമീഷന്റെ ശുപാർശ പ്രകാരമാണ് നടപ്പാക്കിയിരിക്കുന്നത്.ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് ഓരോ വർഷവും പരമാവധി 2,500 രൂപ ഈടാക്കാവുന്നതാണ്. ഇത് ആറുമാസത്തെ ശമ്പളവും ഡിഎയും ഉൾപ്പെടുത്തി, രണ്ടു ഘട്ടമായി പരമാവധി 1,250 രൂപയായി ഈടാക്കുന്നു. എന്നാൽ, എല്ലാവരിലും ഒരു നിരക്ക് ബാധകമാക്കാതെ, വരുമാനത്തിനനുസരിച്ചുള്ള സ്ലാബ് അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്.
നിലവിലെ സ്ലാബ് ഗ്രാമപഞ്ചായത്തുകളിൽ 1997-ലും നഗരസഭകളിൽ 2006-ലും നടപ്പിൽ വരുത്തിയതാണ്. പുതിയ ധനകാര്യ കമീഷനുകൾ സ്ഥിരമായി നികുതി സ്ലാബ് വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. കൂടാതെ, സി ആൻഡ് എജിയുടെ റിപ്പോർട്ടുകളിലും തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്നതിന് നികുതി ഉയർത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ആറാം ധനകാര്യ കമീഷന്റെ ശുപാർശ പ്രകാരം നികുതി പരിഷ്കരിച്ചത്.