സെൽഫ് ഡ്രൈവിങ് കാറുമായി ഇലൺ മസ്ക്; 2027 ൽ വിപണിയിൽ എത്തും

ഓട്ടോണമസ് വാഹനം എന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കി ഇലണ്‍ മസ്‌ക്. പൂര്‍ണമായും സ്വയം ഡ്രൈവ് ചെയ്യാൻ കഴിയുന്ന സൈബര്‍ ക്യാബ് എന്ന കാര്‍ പുറത്തിറക്കിയിരിക്കുകയാണ് ടെസ്‌ല. 2027 ല്‍ വിപണിയിലെത്തുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 7.30 ന് നടന്ന വീ റോബോട്ട് എന്ന പരിപാടിയിലാണ് ടെസ് ല സൈബര്‍ ക്യാബ് അവതരിപ്പിച്ചത്. ടാക്‌സിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ല. അതായത് യാത്രക്കാര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം ഒട്ടുമുണ്ടാവില്ല. 30000 ഡോളറില്‍ താഴെ ആയിരിക്കും ഇതിന് വില. ഇന്‍ഡക്ടീവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വയര്‍ലെസ് ആയാണ് ഇതിന്റെ ചാര്‍ജിങ്. മനുഷ്യര്‍ ഓടിക്കുന്ന വാഹനത്തേക്കാള്‍ ഇത് 20 ഇരട്ടി സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, കാറിന്റെ സുരക്ഷയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. സൈബര്‍ ക്യാബിനൊപ്പം കുറേപേര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാനാവുന്ന റോബോ വാനും മസ്‌ക് പരിചയപ്പെടുത്തി. ഇതിനും സ്റ്റിയറിങ്ങും പെഡലുകളും ഉണ്ടാവില്ല. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. പുതുമയുള്ള രൂപകല്‍പനയിലുള്ള ഈ റോബോവാനിന്റെ ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. കമ്പനിയുടെ ഹ്യൂമനോയിഡ് റോബോട്ടിനെയും വേദിയില്‍ പരിചയപ്പെടുത്തിയെങ്കിലും വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.