2030ഓടെ ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ നിര്‍മാണം പത്തിരട്ടിയാകും

ന്യൂ ഡല്‍ഹി: 2030 ഓടെ ആഗോളതലത്തില്‍ ഇലക്‌ട്രിക് കാറുകളുടെ നിർമാണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ടുകള്‍.ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ റോഡിയം പുറത്തുവിട്ട റിപ്പോർട്ടില്‍ അടുത്തഅഞ്ചു വർഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകളുടെ നിർമാണം പത്തിരട്ടിയിലധികം ഉയർന്ന് 2.5 ദശലക്ഷം യൂണിറ്റായി വർദ്ധിക്കുമെന്ന് വ്യക്തമാക്കി.ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ചൈന, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തുടരുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പ്രതിവർഷം രണ്ടു ലക്ഷം യൂണിറ്റ് കാറുകളാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. അതേസമയം ചൈനയുടെ ഇലക്‌ട്രിക് വാഹന കയറ്റുമതിയുമായി മത്സരിക്കണമെങ്കില്‍ ഇന്ത്യൻ കമ്പനികള്‍ ചെലവ് കുറയ്ക്കേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ 90 ശതമാനം ഇലക്‌ട്രിക് വാഹനങ്ങളും ടാറ്റ മോട്ടോർസ്, എംജി മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് കൈയടക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി, ഇലക്‌ട്രിക് വാഹന നിർമാതാക്കള്‍ക്കുള്ള സർക്കാർ പ്രോത്സാഹനം, വ്യാപാര നയം തുടങ്ങിയവ രാജ്യത്ത് ഇലക്‌ട്രിക് വാഹന നിർമാണത്തിന് കൂടുതല്‍ പ്രോത്സാഹനമുണ്ടാക്കുമെന്നും റിപ്പോർട്ട് അവകാശപ്പെട്ടു.