August 2, 2025

അനിൽ അംബാനിയുടെ3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഇ ഡി അറസ്റ്റ് രേഖപ്പെടുത്തി

0
Anil-Ambani

മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 68.2 കോടി രൂപയുടെ വ്യാജ ഗ്യാരണ്ടികള്‍ സമര്‍പ്പിച്ചതിന് ഒഡീഷ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ കസ്റ്റഡിയിലെടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സ് പവറിന് വേണ്ടിയാണ് ഈ ഗ്യാരണ്ടികള്‍ ക്രമീകരിച്ചതെന്നും ഇഡി വ്യക്തമാക്കി.

ബിസ്വാള്‍ ട്രേഡ്‌ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ആയ പാര്‍ഥസാരതി ബിസ്വാള്‍ ആണ് അറസ്റ്റിലായത്.ഭുവനേശ്വറിലെ കമ്പനിയുടെ മൂന്ന് സ്ഥാപനങ്ങളിലും കൊല്‍ക്കത്തയിലെ ഒരു അനുബന്ധ സ്ഥാപനത്തിലും ഇഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.എട്ട് ശതമാനം കമ്മിഷന്‍ വാങ്ങി വ്യാജ ബാങ്ക് ഗ്യാരന്റികള്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ കമ്പനി ഏര്‍പ്പെട്ടിരുന്നതായി ഏജന്‍സി വൃത്തങ്ങള്‍ ആരോപിച്ചു.

റിലയന്‍സ് പവറിന്റെ ഉപസ്ഥാപനമായ റിലയന്‍സ് എന്‍യു ബെസ് ലിമിറ്റഡിന് വേണ്ടി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് (SECI) സമര്‍പ്പിച്ച 68.2 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി വ്യാജമാണെന്ന് കണ്ടെത്തിയതായി അവര്‍ പറഞ്ഞു.കമ്പനി മുമ്പ് മഹാരാഷ്ട്ര എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുംബൈയില്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ അടുത്തിടെ നടത്തിയ പരിശോധനയില്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *