സംസ്ഥാനത്ത് കൊപ്ര വില റെക്കോർഡ് ഉയരത്തിൽ

വടകര: സംസ്ഥാനത്ത് കൊപ്രവില വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്വിന്റലിന് 23,250 രൂപയില്‍ നില്‍ക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടണ്‍ കൊപ്ര സംഭരിക്കാൻ മാർഗനിർദേശമിറക്കിയിരിക്കുകയാണ് സംസ്ഥാനസർക്കാർ.സാധാരണയായി താങ്ങുവിലയെക്കാള്‍ വിപണിവില താഴുമ്പോഴാണ് സംഭരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക. എന്നാല്‍, താങ്ങുവിലയെക്കാള്‍ ഇരട്ടിവില വിപണിയില്‍ കിട്ടുന്ന സമയത്ത് സംഭരണത്തിന് നാല് സംസ്ഥാനതല ഏജൻസികളെ നിയമിച്ചാണ് കഴിഞ്ഞ ദിവസം കൃഷിവകുപ്പ് മാർഗനിർദേശം ഇറക്കിയത്.നിലവിലെ സാഹചര്യത്തില്‍ സംഭരണം നടക്കില്ലെന്ന് മാത്രമല്ല, കർഷകർക്ക് ഇതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവുമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 23,000 രൂപയുള്ള ഉണ്ട കൊപ്രയുടെ സംഭരണവില 12,100 രൂപയാണ്. താങ്ങുവില പദ്ധതിപ്രകാരം 2025-ല്‍ 30,000 ടണ്‍ കൊപ്രയും 3000 ടണ്‍ ഉണ്ട കൊപ്രയും സംഭരിക്കാൻ കേന്ദ്രം കേരളത്തിന് അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരമാണ് സർക്കാർ സംസ്ഥാനതല സംഭരണ ഏജൻസികളായി വിഎഫ്പിസികെ, മാർക്കറ്റ്‌ഫെഡ്, സെൻട്രല്‍ വെയർഹൗസിങ് കോർപ്പറേഷൻ, ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയെ തീരുമാനിച്ചത്.കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും കുത്തനെ വിലയിടിഞ്ഞ 2022, 2023, 2024 സീസണുകളില്‍ പോലും സംഭരണത്തിന് ഇത്രയും ഏജൻസികളില്ലായിരുന്നു. സംഭരണം അന്ന് പരാജയപ്പെടുന്നതിലേക്ക് നയിച്ചതും ഇതുതന്നെയാണ്. സംഭരണത്തിന് പ്രസക്തിയില്ലാത്ത സമയത്താകട്ടെ ഇഷ്ടം പോലെ ഏജൻസികളും. ഇതിലെ വൈരുധ്യവും കർഷകർ ചൂണ്ടിക്കാട്ടുന്നു. കൊപ്രയ്ക്ക് 11,582 രൂപയും ഉണ്ട കൊപ്രയ്ക്ക് 12,100 രൂപയും താങ്ങുവില നിശ്ചയിച്ച കഴിഞ്ഞ ഡിസംബറില്‍ തന്നെ ഇവയുടെ കമ്ബോളവില താങ്ങുവിലയെക്കാള്‍ മുകളിലെത്തിയിരുന്നു