തമിഴ്‌നാട്ടിൽ നിന്ന് കൊപ്ര എത്തി തുടങ്ങി; വെളിച്ചെണ്ണ വിലയിൽ നേരിയ ആശ്വാസം

തമിഴ്‌നാട്ടിൽ നിന്നും കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴേക്ക്. 500 രൂപയ്ക്ക് മുകളില്‍ എത്തിയ വെളിച്ചെണ്ണ വില ഇപ്പോള്‍ 400ലാണ്. വരുന്ന ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. കൂടാതെ സപ്ലൈകോ വഴി രണ്ട ലിറ്റര്‍ വീതം വെളിച്ചെണ്ണ നൽകാൻ സർക്കാർ തീരുമാനിച്ചതും വിപണിയില്‍ വിലകുറവിന് കാരണമായിട്ടുണ്ട്.
ഓണക്കാലത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്‌നാട് ലോബി തയ്യാറായതോടെ വിലയിൽ കുറവുണ്ടായി. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ വിപണിയിലെ ആവശ്യകത കുറയും. ഓണത്തിന് വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ലോബി ഇപ്പോള്‍ ശേഖരിച്ചു വച്ചിരുന്ന എണ്ണ വിപണിയിലേക്ക് എത്തിക്കുകയാണ്. വെളിച്ചെണ്ണ വില കൂടിയതോടെ പലരും പാമോയില്‍, സസ്യഎണ്ണ എന്നിവയിലേക്ക് മാറിയിരുന്നു. ഇതും വെളിച്ചെണ്ണയുടെ ഡിമാന്‍ഡ് കുറച്ചു.