കോഫീ ഹൗസിന് സ്വന്തം ബ്രാൻഡിൽ തേയില

ഏറെ പ്രശസ്തമായ തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസില്‍ നിന്ന് ഇനി അവരുടെ ബ്രാൻഡഡ് ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ് തേയില പുറത്തിറക്കിയത്.വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തില്‍ നിന്നള്ള തേയിലയില്‍ നിന്നാണ് ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി (Indian Coffee House Tea)ഉല്‍പ്പാദിപ്പിക്കുന്നത്. തേയില വിപണനം പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.”ഈ നീക്കം ഞങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ കാപ്പിപ്പൊടി, കുപ്പിവെള്ള ബ്രാൻഡുകളുടെ വിജയത്തെത്തുടർന്ന്, ചായയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ബിസിനസ് സംരംഭം മാത്രമല്ല, പ്രിയദർശിനി ടീ എസ്റ്റേറ്റിലെ തേയിലയ്ക്ക് വിശാലമായ വിപണി കണ്ടെത്താനുള്ള മാർഗം കൂടിയാണിത്,” ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ എൻ പറഞ്ഞു.എല്ലാ ഇന്ത്യൻ കോഫി ഹൗസ് ശാഖകളിലും ഈ തേയിലപ്പൊടി ഉപയോഗിച്ചായിരിക്കും ചായ തയ്യാറാക്കുക. “ഉപഭോക്താക്കള്‍ക്ക് വാങ്ങാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങളുടെ റെസ്റ്റോറന്റുകളില്‍ ചായ രുചിക്കാൻ അവസരം ലഭിക്കും. ഞങ്ങളുടെ കോഫി ബ്രാൻഡിന് വലിയ സ്വീകാര്യത ലഭിച്ചതുപോലെ, ഞങ്ങളുടെ ബ്രാൻഡഡ് ചായയ്ക്കും സമാനമായ പ്രതികരണം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ബാലകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. വ്യത്യസ്ത അളവിലുള്ള പാക്കറ്റുകള്‍ പുറത്തിറക്കുന്നതും സൂപ്പർമാർക്കറ്റുകളില്‍ ഉല്‍പ്പന്നം ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.വയനാട്ടിലെ ആദിവാസി പുനരധിവാസ പദ്ധതിയായി ആദ്യം സ്ഥാപിച്ച പ്രിയദർശിനി ടീ എസ്റ്റേറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തേയില ബ്രാൻഡ് പുറത്തിറക്കുന്നത്.ആദ്യ ഘട്ടത്തില്‍, സഹകരണ സംഘം 65 രൂപ വിലയുള്ള 250 ഗ്രാം പാക്കറ്റുകള്‍ ഇന്ത്യൻ കോഫി ഹൗസുകള്‍ വഴിയായിരിക്കും വിപണനം നടത്തുക.