വൻമാറ്റങ്ങളുമായി സിബില്‍ സ്‌കോർ

കുറഞ്ഞ പലിശയില്‍ വായ്പകള്‍ നേടിത്തരു വാൻ മികച്ച സിബില്‍ സ്‌കോറിന് കഴിയും. മുൻകാല സാമ്പത്തിക ബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് സ്കോറാണ് സിബില്‍.
നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിങ്, റിപ്പോർട്ട് തുടങ്ങിയവയുടെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ് ഈ സ്‌കോർ. 300 മുതല്‍ 900 വരെ റേഞ്ചില്‍ വരുന്ന സംഖ്യയാണിത്. സ്‌കോർ 900ത്തിനോട് അടുക്കുംതോറും ക്രഡിറ്റ് റേറ്റിങ് മികച്ചതാകുന്നു.
ആർ ബി ഐ സിബില്‍ സ്‌കോർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റ് നിരക്ക് ഒഴിവാക്കിയിരുന്നു. ഇതിനു പുറമെയാണ് സിബില്‍ സ്കോറിലെ മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ റിപ്പോർട്ട് പ്രകാരം സിബില്‍ സ്കോർ ഇനി മുതല്‍ തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. ഓരോ 15 ദിവസത്തിലും അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഈ തീരുമാനം വായ്പദാതാക്കള്‍ക്കും, ഉപയോക്താക്കള്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രാൻസ് യൂണിയൻ സിബില്‍, എക്‌സ്പീരിയൻ, സിആർഐഎഫ് ഹൈ മാർക്ക് എന്നി ക്രെഡിറ്റ് ഏജൻസികളോട് റിയല്‍ടൈം അപ്ഡേഷനിലേക്ക് മാറണമെന്ന് ആർ ബി ഐ നിർദേശം കൊടുത്തു കഴിഞ്ഞു.
ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ തുടങ്ങിയവ എടുക്കുന്നവർക്കും. നിലവിലെ ലോണ്‍ ക്ലോസ് ചെയ്ത് ഉടൻ തന്നെ മറ്റൊരു ലോണ്‍ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും സിബില്‍ സ്കോറിലെ പുതിയ പരിഷ്കാരം ഉപകാരപ്രദമാകുന്നതാണ്.