ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി ‘സിയാൽ’

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയിൽ നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറി. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജന്‍ സ്റ്റേഷനാണ് ഇത്. 30 കോടി രൂപ മുടക്കിയാണ് സിയാല്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമ അനുമതി കൂടി ലഭിച്ചാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ആദ്യഘട്ടത്തിൽ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുക. ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാവുന്ന 30 സീറ്റുള്ള ബസ് കൊച്ചിയിലെത്തി. ഈ ബസ് സിയാൽ ഓപ്പറേഷൻ ഏരിയയിലായിരിക്കും ഉപയോഗിക്കുക. സാധാരണ വാഹനങ്ങൾ കാർബൺ പുറന്തള്ളുമ്പോൾ ഹൈഡ്രജൻ വാഹനങ്ങളിൽനിന്ന് പുറത്തുവരുന്നത് വെള്ളം മാത്രമായിരിക്കും.
അതിനാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല.പ്രകൃതിസൗഹൃദ ഇന്ധനമാണ് ഗ്രീൻ ഹൈഡ്രജൻ. ഇലക്‌ട്രോലൈസിസ് പ്രക്രിയയിലൂടെ ജലം വിഘടിപ്പിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് സാങ്കേതിക പങ്കാളി. ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. പൂർണമായും സൗരോർജം ഉപയോഗപ്പെടുത്തിയാണ് നിലവിൽ സിയാൽ പ്രവർത്തിക്കുന്നത്. പ്രതിദിനം 220 കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാറിന്റെ സീറോ കാർബർ പോളിസിക്ക് കരുത്ത് പകരുന്നതാണ് സിയാലിന്റെ ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷൻ പദ്ധതി.