എയർപോർട്ടിലെ ഭക്ഷണവില കുറയ്ക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

എയർപോർട്ടുകളിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷണവസ്തുക്കളുടെ ഉയർന്ന വില. പല എയർപോർട്ടുകളിലെ ഭക്ഷണശാലകളിൽ അമിതമായ നിരക്കുകൾ ഈടാക്കുന്നത് വ്യാപക വിമർശനങ്ങൾക്കിടയാക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി കേന്ദ്ര സർക്കാർ പുതിയൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. “ഉഡാൻ യാത്രി കഫേ” എന്ന പുതിയ പദ്ധതിയിലൂടെ എയർപോർട്ടുകളിൽ മിതമായ നിരക്കിൽ ഭക്ഷണവും പാനീയവും ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യമായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ ആദ്യഘട്ടത്തിൽ ചായ, കാപ്പി, സ്‌നാക്‌സ്, വെള്ളം എന്നിവ കിയോസ്‌കുകളിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു അറിയിച്ചു. “ഉഡാൻ” സ്‌കീമിൽ യാത്ര ചെയ്യുന്നവർക്കായി പ്രത്യേകമായ ഭക്ഷണവും ഈ പദ്ധതി വഴി ലഭ്യമാക്കും. കൊൽക്കത്ത വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഏരിയയിൽ ഈ കഫേ കിയോസ്‌കുകൾ സ്ഥാപിക്കും. അടുത്ത ഘട്ടത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.