കാസിയോ എത്തുന്നു ഇന്ത്യയിൽ നിർമിച്ച വാച്ചുകളുമായി

മുംബൈ: ജപ്പാൻ ആസ്ഥാനമായുള്ള കാസിയോ കംപ്യൂട്ടർ കമ്പനി ലിമിറ്റഡിന്റെ ഭാഗമായ കാസിയോ ഇന്ത്യ രാജ്യത്തുതന്നെ നിർമിച്ച വാച്ച് മോഡലുകളുടെ വില്‌പന തുടങ്ങി. കമ്പനിക്ക് പ്രാധാന്യമുള്ള വിപണികളിലൊന്നായ ഇന്ത്യയിൽ തന്നെ നിർമാണ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന തീരുമാനം അവരുടെ വിപണി വികസന ലക്ഷ്യങ്ങളിലേക്കുള്ള ഒരു നിർണായക ചുവടുവയ്പാണ്.
ആദ്യഘട്ടമായി തദ്ദേശീയമായി നിർമിച്ച മൂന്ന് മോഡലുകളുടെ വില്‌പനയാണ് തുടങ്ങിയിരിക്കുന്നത്. കൂടാതെ ഒട്ടനിരവധി വാച്ച് മോഡലുകൾകൂടി വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ വാച്ചുകൾ പ്രാദേശികമായി നിർമിക്കാൻ പദ്ധതിയുണ്ടെന്ന് കാസിയോ പ്രഖ്യാപിച്ചിരുന്നു.
ഉത്പന്നങ്ങളുടെ ലഭ്യത കൂട്ടുക, ദേശീയ ഉത്പാദനലക്ഷ്യങ്ങളെ പിന്തുണയ്ക്കുക, ഇന്ത്യൻ ഉപയോക്തൃ മുൻഗണനകൾക്ക് പ്രാധാന്യം കൊടുക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കാസിയോ ഇന്ത്യ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.