July 31, 2025

ബിഎസ്എന്‍എല്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി

0
images (1) (2)

ദില്ലി: നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികള്‍ തുടരുമ്പോഴും പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കുന്നതില്‍ ബിഎസ്എന്‍എല്‍ പിന്നോട്ടില്ല. 84 ദിവസത്തെ വാലിഡിറ്റിയോടുകൂടിയ 628 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്.

പ്രതിദിനം മൂന്ന് ജിബി ഡാറ്റ ഉള്‍പ്പെടുന്നതാണ് ഈ പുതിയ പാക്കേജ്. ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം. 628 രൂപയുടെ പുതിയ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ദില്ലി, മുംബൈ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കിളുകളിലും ലഭ്യമായ ഈ പ്ലാനില്‍, 84 ദിവസത്തേക്ക് 252 ജിബി ഡാറ്റയാണ് കമ്പനി നല്‍കുന്നത്. പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. ഡാറ്റയ്ക്ക് പുറമേ, അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ, ഗെയിമുകള്‍, പോഡ്‌കാസ്റ്റുകള്‍, സംഗീതം, മറ്റ് വിനോദങ്ങള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാവും. അതേസമയം, ബിഎസ്എന്‍എല്‍ 4ജി സേവനങ്ങളുടെ വ്യാപന നടപടികള്‍ പുരോഗമിക്കുന്നതിനിടയിലും നിരവധി ഉപഭോക്താക്കള്‍ നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങളും ഡാറ്റ, കോളിങ് സംബന്ധമായ ബുദ്ധിമുട്ടുകളും നേരിടുന്നുവെന്ന് പരാതിയുണ്ട്. 2024 ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ 25 ശതമാനം വരെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്ലിലേക്ക് കൂട്ടത്തോടെ ഉപഭോക്താക്കള്‍ ചേക്കേറിയിരുന്നു.

എന്നാല്‍, നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, അടുത്ത മാസങ്ങളില്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *