‘ബാക്ക്ബേ’ പ്രീമിയം വാട്ടര്‍ ബ്രാൻഡുമായി ബോളിവുഡ് നടി ഭൂമി പഡ്നേക്കർ

ബോളിവുഡ് നടി ഭൂമി പഡ്നേക്കർ, തന്റെ പുതിയ സംരംഭം ‘ബാക്ക്ബേ’യ്ക്ക് ആരംഭം കുറിച്ചു. ഭൂമി പഡ്നേക്കർക്ക് ഒപ്പം സഹോദരി നിമിഷ പഡ്നേക്കർ ഈ സംരംഭത്തില്‍ സഹസ്ഥാപകയായി കൂടെയുണ്ട്. ഹിമാചലിലാണ് നിർമ്മാണ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്.
500 മില്ലി പാക്കറ്റിന് 150 രൂപയും 750 മില്ലി പാക്കറ്റിന് 200 രൂപയും ആണ് വില.തങ്ങളുടെ സംരംഭം വളരെ അഭിമാനത്തോടെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് ഭൂമി പറഞ്ഞു.
മുഴുവൻ ജീവനക്കാരും സ്ത്രീകളാണെന്നത് ഇതിന്റെ പ്രത്യേകതയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടില്‍ പാക്കേജിംഗില്‍ നിന്ന് മാറി ‘ഗേബിള്‍ ടോപ്പ്’ പേപ്പർ പാക്കേജിംഗ് ഉപയോഗിക്കുന്നതിനാല്‍, മറ്റു ബ്രാൻഡുകളേക്കാള്‍ വ്യത്യസ്തമായ രീതിയിലും മുന്നിലായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
പ്രീമിയം വാട്ടർ ബ്രാൻഡായിരുന്നാലും, സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന തരത്തിലാണ് വില നിശ്ചയിച്ചതെന്ന് ഭൂമി ചൂണ്ടിക്കാട്ടി. പീച്ച്, ലിച്ചി, ലൈം എന്നിങ്ങനെ വിവിധയിനം ഫ്ലേവറുകളിലാണ് ‘ബാക്ക്ബേ’ വിപണിയില്‍ ലഭ്യമാകുക.