ഉപയോഗശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍: യുഎഇയിൽ പദ്ധതിയുമായി ലുലു

അബുദാബി: യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ലുലു ഗ്രൂപ്പ് . ഇതുവഴി ലുലുവിന്‍റെ നൂറുകണക്കിന് ഡെലിവറി വാഹനങ്ങള്‍ ബയോ ഡീസല്‍ ഉപയോഗിച്ച് സർവീസ് നടത്തും. ഈ പദ്ധതിയിലൂടെ കാർബണ്‍ ബഹിർഗമനനിരക്ക് വലിയ തരത്തില്‍ കുറയ്ക്കുവാൻ സാധിക്കും. യുഎഇയിലെ പ്രമുഖ എൻർജി കമ്പനിയായ ന്യൂട്രല്‍ ഫ്യൂവല്‍സുമായി സഹകരിച്ചാണ് ഈ പദ്ധതി. ലുലു സ്റ്റോറുകളില്‍ നിന്ന് ബാക്കിവരുന്ന ദൈനംദിന പാചക എണ്ണ ശേഖരിച്ച്, ന്യൂട്രല്‍ ഫ്യൂവല്‍സിന്‍റെ പ്ലാന്‍റിലാണ് ബയോഡീസലാക്കി മാറ്റുന്നത്.നേരത്തെ തന്നെ ലുലു സ്റ്റോറുകളില്‍ പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ക്യാനുകളുടെയും റീസൈക്ലിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിന് പ്ലാസ്റ്റിക് വെൻഡിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചിരുന്നു.പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 90 ശതമാനത്തോളം കുറച്ചും, റീയൂസബിള്‍ ബാഗുകള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കിയും പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പിന്തുണ നല്‍കുന്ന പദ്ധതികളാണ് ലുലു മുൻപോട്ടുവെക്കുന്നത്.