‘ഭാസ്‌കര്‍’ പ്ലാറ്റ്‌ഫോം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ വിപ്ലവം, ഇടത്തരം കമ്പനികള്‍ക്ക് പുതിയ സാധ്യതകള്‍

രാജ്യത്തെ ഒന്നര ലക്ഷത്തോളം സ്റ്റാര്‍ട്ടപ്പുകളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനായി കേന്ദ്ര വ്യവസായ വികസന മന്ത്രാലയം രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘ഭാരത് സ്റ്റാര്‍ട്ടപ്പ് നോളജ് ആക്‌സസ് റജിസ്ട്രി’ (ഭാസ്‌കര്‍) നിലവില്‍ വന്നു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്. ഭാസ്‌കര്‍ സംരംഭകര്‍ക്ക് ഫിനാന്‍സ്, ടെക്‌നോളജി, ഡാറ്റ കൈമാറ്റം എന്നിവയ്ക്കുള്ള ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആകും. ഇന്ത്യയിലെ ഇടത്തരം നഗരങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ മെന്റര്‍ഷിപ്പും സാമ്പത്തിക പിന്തുണയും ഭാസ്‌കര്‍ വഴിയായി ലഭ്യമാക്കുന്നതോടൊപ്പം സംരംഭക ആവാസവ്യവസ്ഥയുടെ ജനാധിപത്യവല്‍ക്കരണവും ലക്ഷ്യമിടുന്നു. സാധ്യതകളുടെ നെറ്റ്‌വര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്കിടയില്‍ ബിസിനസ് സഹകരണം ഉറപ്പാക്കും. എല്ലാവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ‘യുണീക് ഭാസ്‌കര്‍ ഐ.ഡി’ നല്‍കും, ഇത് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലെ സേവനങ്ങളും അനുബന്ധ അവസരങ്ങളും പ്രയോജനപ്പെടുത്താം. കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 1.46 ലക്ഷം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്, 12.42 ലക്ഷം തൊഴിലവസരങ്ങളാണ് ഇവയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വളരുകയും ആഗോള തലത്തില്‍ സാധ്യതകളേറെയായതിനാല്‍ ആഗോള ശ്രദ്ധ നേടുകയും ചെയ്യും.