‘ആമസോണ്‍ നൗ’ ആരംഭിച്ചു

വാങ്ങാൻ ആഗ്രഹിക്കുന്നതെല്ലാം വീട്ടു മുറ്റത്ത് എത്തിക്കാനൊരുങ്ങി ആമസോണ്‍. ആമസോണ്‍ ഔദ്യോഗികമായി തങ്ങളുടെ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ നൗ (Amazon Now) ബെംഗളൂരുവില്‍ ലോഞ്ച് ചെയ്തു.
ടാറ്റയുടെ ബിഗ്ബാസ്കറ്റിന്റെ (Tata Big Basket) ക്വിക് കൊമേഴ്സ് പൈലറ്റ് ടെസ്റ്റ് നടക്കുകയുമാണ്.
തുടക്കത്തില്‍ ബെംഗളൂരുവിലെ മൂന്ന് പിൻകോഡുകളിലാണ് ആമസോണ്‍ നൗ ഡെലിവറി നല്‍കുക. വരുന്ന ആഴ്ച്ചകളില്‍ ബെഗളൂരുവില്‍ കൂടുതല്‍ ഇടങ്ങളില്‍ ആമസോണ്‍ നൗ സേവനങ്ങള്‍ ലഭ്യമാകും. ഇതിന് ശേഷമായിരിക്കും രാജ്യമെങ്ങും സേവനങ്ങള്‍ വ്യാപിപ്പിക്കുക. അള്‍ട്രാ ഫാസ്റ്റ് ഡെലിവറി സെഗ്മെന്റില്‍ ആമസോണ്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിലവില്‍ ഈ സെക്ടറില്‍ മേധാവിത്തം പുലർത്തുന്ന കമ്പനികള്‍ക്ക് ഭീഷണി ഉയർത്തിയേക്കും.
ക്വിക് ഡെലിവറിയുമായി ബന്ധപ്പെട്ട് 2024 ഡിസംബറില്‍ ആമസോണ്‍ ഒരു പൈലറ്റ് ടെസ്റ്റ് നടത്തിയിരുന്നു. നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി ഐറ്റം തുടങ്ങിയവയ്ക്കായി പണ്ടത്തേതു പോലെ 1-2 ദിവസം കാത്തിരിക്കുന്നതിന് പകരം പലരും 10-30 മിനിറ്റ് ഡെലിവറിക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഇത്തരത്തില്‍ ഉപയോക്താക്കളെ തിരിച്ചു പിടിക്കുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.
ഇതിനിടെ വ്യവസായ ഭീമൻമാരായ ടാറ്റയുടെ ബിഗ് ബാസ്ക്കറ്റ് ക്വിക് കൊമേഴ്സ് മേഖലയിലേക്ക് കടന്നു വരാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. 2026 മാർച്ചോടെ ഇന്ത്യയിലുട നീളം 10 മിനിറ്റ് ഡെലിവറി സേവനങ്ങള്‍ നല്‍കാനാണ് ഒരുക്കം. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ പൈലറ്റ് ഓപ്പറേഷൻസ് ആരംഭിച്ചു കഴിഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഡാർക് സ്റ്റോർ ശൃംഘലകളുടെ എണ്ണം 700 ലൊക്കേഷനുകളില്‍ നിന്ന് 1,200 ആക്കി വർധിപ്പിക്കാനും കമ്പനി ഒരുങ്ങുന്നു.
ഈ സർവീസ് തയ്യാറാകുന്നതോടെ Tata’s Qmin, Starbucks എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് ഓർഡറുകള്‍ നേടാനും സാധിക്കും. ബിഗ് ബാസ്ക്കറ്റ് ഉപയോക്താക്കളില്‍ 5-10% ഗ്രോസറി ഓർഡറുകള്‍ക്കൊപ്പം, ഭക്ഷണവും ഓർഡർ ചെയ്യുന്നുണ്ട്. കൂടാതെ അടുത്ത 18-24 മാസങ്ങള്‍ക്കുള്ളില്‍ ബിഗ് ബാസ്കറ്റ് പബ്ലിക് ലിസ്റ്റിങ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ആമസോണ്‍-ഫ്ലിപ്കാർട് എന്നീ ഇ-കൊമേഴ്സ് കമ്പനികളുടെ വിപണി വിഹിതത്തിന് ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫ്ലിപ്കാർട് ആൻഡ് ബെയിൻ & കമ്പനി റിപ്പോർട്ട് പ്രകാരം, 2024 വർഷത്തിലെ ഓണ്‍ലൈൻ ഗ്രോസറി ഓർഡറുകളുടെ മൂന്നില്‍ രണ്ട് ഭാഗവും, ആകെ ഇ-റീടെയില്‍ ചിലവഴിക്കലിന്റെ പത്ത് ശതമാനവും ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു.
ബെയിൻ കണക്കാക്കുന്നത് പ്രകാരം 2024ല്‍ ഇന്ത്യൻ ക്വിക് കൊമേഴ്സ് വിപണിയില്‍ 7 ബില്യണ്‍ ഡോളറിന്റെ ഗ്രോസ് ഓർഡർ വാല്യു (GOV) ആണ് 2024ല്‍ ഉണ്ടായത്. 2022 വർഷത്തിലെ 1.6 ബില്യണ്‍ ഡോളറിനേക്കാള്‍ പലമടങ്ങ് വർധനയാണിത്. 2030 വർഷത്തോടെ, കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ക്വിക് കൊമേഴ്സ് വിപണി വാർഷികാടിസ്ഥാനത്തില്‍ 40% വളർച്ച നേടുമെന്നും വിലയിരുത്തപ്പെടുന്നു. കൂടുതല്‍ പ്രൊഡക്ടുകള്‍ കൂട്ടിച്ചേർക്കപ്പെടുമെന്നതും വളർച്ചയ്ക്ക് കരുത്തേകും.