August 1, 2025

വിദേശികള്‍ക്ക് പ്രിയം ‘ഇന്ത്യൻ കൊക്കോ’; ഉത്പാദനം ഉയര്‍ന്നു.

0
n6692639951750423296875e81d653ea556ba8d9ff4374a2d714a5d2cbc67cbd5543890a82f63e7f8833940

കൊച്ചി: ഇന്ത്യൻ കൊക്കോയ്ക്ക് വിദേശത്ത് പ്രിയം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 2,512.39 കോടി രൂപയുടെ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.45,489.25 ടണ്‍ കൊക്കോ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച്‌ കയറ്റുമതിയില്‍ 65 ശതമാനം വർധനവാണുണ്ടായത്. 2023-24 സാമ്പത്തിക വർഷം 36,185.06 ടണ്‍ ഉത്പന്നങ്ങള്‍ അയച്ച്‌ 1,521.97 കോടി രൂപയുടെ കയറ്റുമതി വരുമാനമായിരുന്നു നേടിയത്.രാജ്യത്തുനിന്ന് കൊക്കോയുടെ പരിപ്പ്, ബട്ടർ, പേസ്റ്റ്, പൗഡർ, ഷെല്‍ തുടങ്ങിയവയെല്ലാം കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ വാങ്ങുകയും മൂല്യവർധിത ഉത്പന്നങ്ങളാക്കി പിന്നീട് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നുണ്ട്. ചോക്ലേറ്റ്, സൗന്ദര്യവർധക വസ്തുക്കള്‍ തുടങ്ങി മൃഗങ്ങളുടെ ഭക്ഷണത്തിലടക്കം കൊക്കോ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ആഗോളതലത്തില്‍ കൊക്കോയുടെ ഉത്പാദനം കുറവായിരുന്നു. ഇത് ഇന്ത്യക്ക്‌ നേട്ടമായി. കൂടാതെ, ചോക്ലേറ്റിന്റെ ആവശ്യകത ഉയർന്നതും കൊക്കോയുടെ ഡിമാൻഡ് ഉയർത്തി. ആഭ്യന്തര വിപണിയിലടക്കം ആവശ്യക്കാർ ഏറെയായിരുന്നു.എന്നാല്‍, ഇത്തവണ ഉത്പാദനം ഉയർന്നത് കാരണം കേരളത്തില്‍ നിന്നടക്കം കൊക്കോ സംഭരിക്കാനെത്തുന്ന വൻകിട കമ്പനികളില്‍ നിന്ന് തണുത്ത പ്രതികരണമാണ്. വിപണിയില്‍ കൊക്കോ വാങ്ങാൻ ആളില്ലെങ്കില്‍ കർഷകർക്ക് നഷ്ടകാലമായിരിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ നിന്ന് 128.23 ടണ്‍ കൊക്കോ ഉത്പന്നങ്ങള്‍ അയച്ച്‌ 10.76 കോടി രൂപയുടെ കയറ്റുമതി വരുമാനമുണ്ടാക്കി. 2023-24-ല്‍ 205.83 ടണ്‍ കയറ്റുമതിയിലൂടെ 11.91 കോടി രൂപ നേടിയ സ്ഥാനത്താണ് ഇത്. ആന്ധ്ര, കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊക്കോ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 40 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ആന്ധ്രയിലാണ്. ഉത്പാദനത്തില്‍ 36 ശതമാനമാണ് കേരളത്തിന്റെ വിഹിതം.

Leave a Reply

Your email address will not be published. Required fields are marked *