ബയോഫ്യൂവല്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ്

കൊച്ചി: ജൈവ ഇന്ധന നിര്‍മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് .ഗോവയിലെ നവേലിം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കരിമ്ബ്, ധാന്യങ്ങള്‍ എന്നിവയില്‍നിന്നു എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനായി ബയോഫ്യൂവല്‍ നിര്‍മാണകേന്ദ്രത്തിനു തറക്കല്ലിട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു.വാഹന ഇന്ധനങ്ങളില്‍ 20 ശതമാനം വരെ എഥനോള്‍ ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് സെന്‍ട്രിയല്‍ ഗ്രൂപ്പ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. പുതിയ പ്ലാന്റ് പ്രതിദിനം 300 കിലോലിറ്റര്‍ ഉത്പാദനശേഷിയോടെയാണ് നിര്‍മിക്കുന്നത്.ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് പി. സാവന്ത് പ്ലാന്‍റിന് തറക്കല്ലിട്ടു. പദ്ധതിയുടെ ചിലവ് 400 കോടി രൂപയാണ്. പത്തു വര്‍ഷത്തേക്കു മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു ഏഴുകോടി ലിറ്റര്‍ എഥനോള്‍ പ്രതിവര്‍ഷം നല്‍കാന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. 2026 മാര്‍ച്ചോടെ ഉത്പാദനം ആരംഭിക്കും.സെന്‍ട്രിയല്‍ ഗ്രൂപ്പ് തലവന്‍ ജോബി ജോര്‍ജാണ് സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സിന്‍റെ മാനേജിംഗ് ഡയറക്ടര്‍. മുന്‍ പോലീസ് മേധാവി ടോമിന്‍ തച്ചങ്കരിയാണു ചെയര്‍മാന്‍.ഉപദേഷ്ടാക്കളായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപകന്‍ ഡോ. കെ.സി. ചന്ദ്രശേഖരന്‍, കാലിക്കട്ട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം, ഗോവ മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ജയിംസ് മാത്യു, എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ബാങ്കിംഗ് മുന്‍ ഓംബുഡ്‌സ്മാന്‍ ചിരഞ്ജീവി, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ.ജി. വര്‍ഗീസ് എന്നിവരുമുണ്ട് .