പുതിയ ആദായ നികുതി ബില്‍: റീഫണ്ട് വ്യവസ്ഥ ഭേദഗതി ചെയ്‌തേക്കും

അവസാന തിയതിക്കുശേഷം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കും റീഫണ്ട് അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഇന്‍കം ടാക്‌സ് ബില്‍ 2025ലെ വ്യവസ്ഥ ഭേദഗതി ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി ബില്ലിലെ 433-ാം വകുപ്പ് പ്രകാരം റിട്ടേണ്‍ നല്‍കി റീഫണ്ട് അവകാശപ്പെടാമെന്നാണ് വ്യവസ്ഥ.
അതേസമയം, 263ലെ ഉപവകുപ്പ് പ്രകാരം നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. രണ്ടു വ്യവസ്ഥകളിലും വൈരുധ്യമുള്ളതിനാലാണ് ഭേദഗതി പരിഗണിക്കുന്നത്. കടര് ബില്ലിലെ റീഫണ്ട് വ്യവസ്ഥയെക്കുറിച്ച് നികുതി വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റീഫണ്ട് വ്യവസ്ഥകള്‍ നിലവിലുള്ളതുപോലെ തുടര്‍ന്നേക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ നികുതി ബില്ല് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) സ്വീകരിച്ചത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. 2026 ഏപ്രില്‍ മുതലാകും പുതിയ ബില്ല് പ്രാബല്യത്തില്‍ വരിക. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി എല്ലാ വര്‍ഷവും ജൂലായ് 31 ആണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 15വരെ നീട്ടിനല്‍കിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്കും ഓഡിറ്റ് ആവശ്യമില്ലാത്ത ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമാണ് ഇത് ബാധകം. ഓഡിറ്റിങ് ബാധകമായ ബിസിനസുകള്‍, പ്രൊഫഷണലുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് ഒക്ടോബര്‍ 31ആണ് അവസാന തിയതി. വൈകിയതും പുതുക്കിയതുമായ റിട്ടേണുകള്‍ ഡിസംബര്‍ 31വരെ ഫയല്‍ ചെയ്യാം. വൈകി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ പിഴ ബാധകമായേക്കാം.