‘പ്രീമിയം ലൈറ്റ്’ അവതരിപ്പിച്ച് യൂട്യൂബ്

ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി യൂട്യൂബ്. ‘യൂട്യൂബ് പ്രീമിയം ലൈറ്റ്’ എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു.
പരസ്യരഹിത വീഡിയോ സ്ട്രീമിംഗ് മാത്രം ആഗ്രഹിക്കുന്ന, എന്നാൽ സ്റ്റാൻഡേർഡ് യൂട്യൂബ് പ്രീമിയത്തിന്‍റെ മുഴുവൻ വിലയായ 13.99 ഡോളർ (1,200 രൂപ) നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്കുള്ളതാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ.
യുഎസിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 695 രൂപ) നിരക്കിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് ലോഞ്ച് ചെയ്തത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് കീഴിൽ, ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കം, ഷോർട്ട്സ് എന്നിവയുൾപ്പെടെ മിക്ക വീഡിയോകളും പരസ്യരഹിതമായി ലഭിക്കും.
വരും ആഴ്ചകളിൽ തായ്‌ലൻഡ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് പുതിയ യൂട്യൂബ് പ്രീമിയം ലൈറ്റ് ലഭ്യമാകും. തുടർന്ന് ഈ വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് യൂട്യൂബ് പ്രീമിയം ലൈറ്റ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോൾ പുറത്തിറങ്ങുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.