June 8, 2025

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ഇനി ഒറ്റ നമ്പറിൽ: 112 വഴി അടിയന്തര സഹായം

0
images (1) (14)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഏത് അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ മതി. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാമെന്ന് പൊലീസ് അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ സാഹചര്യത്തിലാണ് ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ എവിടെ നിന്നും 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ ഇതുവഴി അറിയാൻ കഴിയും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിന്റെ സഹായത്താൽ അതിവേഗം പ്രവർത്തിക്കാനും കഴിയും. കൂടാതെ ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും. ഇതിന്റെ മറ്റൊരു ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം. കൂടാതെ മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരഘട്ടങ്ങളിൽ മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *