September 25, 2026

ഇനി വിദേശയാത്രയ്ക്ക് ചെലവേറും; രൂപയുടെ മൂല്യത്തിലെ ഇടിവ് തിരിച്ചടിയാകുന്നു

0
images

വിദേശത്തേക്ക് ഒരു വിനോദയാത്ര പോകാന്‍ പദ്ധതിയിട്ടുന്നവരാണോ നിങ്ങൾ? എങ്കില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം നിങ്ങളുടെ യാത്ര ചെലവില്‍ 15% മുതല്‍ 20% വരെ വര്‍ധന ഉണ്ടാകും. ഇതിനു കാരണം രൂപയുടെ മൂല്യത്തിലെ ഇടിവാണ്. കൂടാതെ ഹോട്ടല്‍ മുറികളുടെ നിരക്ക് ഉയർത്തിയതും തിരിച്ചടിയാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ യാത്രകളെ ആയിരിക്കും ചെലവിലെ വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക. കോവിഡിന് ശേഷമാണ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെയും വലിയതോതില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഇതാണ് മിക്ക ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടല്‍ മുറികളുടെ നിരക്ക് ഉയർത്തുന്നതിന് ഇടയാക്കിയത്.2017 -18, 2018 -19 കാലയളവിലും സമാനമായ രീതിയില്‍ വിദേശയാത്ര ചെലവില്‍ വര്‍ധനയുണ്ടായിരുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് വ്യക്തമാക്കി. ആ രണ്ടു വര്‍ഷങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യമുണ്ടായ ഇടിവ് തന്നെയാണ് വിദേശയാത്ര ചെലവേറിയതാക്കി മാറ്റിയത്. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 82.00 ആയിരുന്നു. എന്നാൽ ഇപ്പോഴത് 87 രൂപയ്ക്ക് മുകളിലാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ അധികമായി ഉണ്ടാകുന്ന ചെലവ് ടൂര്‍ കമ്പനികള്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഈടാക്കുകയാണ്.നിലവില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനുകളിലാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. തിരക്ക് കൂടിയതോടെയാണ് മിക്ക വിനോദസഞ്ചാരികളും വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഒരുകാരണം. നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ- വിസ ഏര്‍പ്പെടുത്തിയതും നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും വിദേശയാത്ര ഏറെ ആകര്‍ഷകമാക്കി മാറ്റിയിട്ടുണ്ട്. അതെസമയം പല രാജ്യങ്ങളും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്രയും വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *