ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ച് ഊബര്‍

ഓട്ടോ ഡ്രൈവര്‍മാരുടെ ഫീസ് ഒഴിവാക്കി ഊബര്‍.ഇനി മുതല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മാത്രമാകും ഊബര്‍ പ്രവര്‍ത്തിക്കുക.
യാത്രയുടെ അന്തിമ നിരക്ക് നിശ്ചയിക്കുന്നത് ആപ്പിലൂടെ ആയിരിക്കില്ലെന്ന് ഊബര്‍ അറിയിച്ചു. യാത്രയ്ക്കുള്ള നിരക്ക് നിര്‍ദേശിക്കുമെങ്കിലും ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ചര്‍ച്ചയിലൂടെയേ ഇത് അന്തിമമാകൂ എന്നാണ് അറിയിപ്പിലുള്ളത്.
ക്യാഷ് ഒണ്‍ലി മോഡില്‍ യാത്ര ചെയ്താലും യുപിഐ വഴി നേരിട്ട് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയച്ച് നല്‍കാന്‍ സാധിക്കും. റൈഡുകളുടെ കൃത്യമായ നിര്‍വഹണം, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നും, ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, യാത്രയ്ക്ക് വിസമ്മതിക്കുകയോ ചെയ്താല്‍ ഇതിന് കമ്പനി ബാധ്യസ്ഥരായിക്കില്ലെന്നും നിബന്ധനകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചിരുന്നു. ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങി ആറ് നഗരങ്ങളിലാണ് ഊബര്‍ പദ്ധതി ആരംഭിച്ചത്. ഊബര്‍, ഒല തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്റെ പേരില്‍ നേരത്തെ നിരവധി തവണ ഡ്രൈവര്‍മാര്‍ പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്.