ആപ്പിൾ ടി.വി: ഇനി മുതൽ ആൻഡ്രോയിഡിലും, പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം

ആപ്പിൾ ടി.വി ആൻഡ്രോയിഡ് യൂസർമാർക്കും ഇനി ലഭ്യമാകും. അതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ടി.വി ആപ്പ് ഡൗൺ ലോഡ് ചെയ്തെടുക്കാം. മൊബൈൽ ഫോൺ, ആൻഡ്രോയിഡ് ടി.വി, ടാബ് ലെറ്റ് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളിലെല്ലാം ആപ്പിൾ ടി.വി ലഭിക്കും.
ആൻഡ്രോയിഡ് ഫോണുകൾക്കായി 2015-ൽ ആപ്പിൾ മ്യൂസിക് ആപ്പ് പുറത്തിറക്കിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷമാണ് മറ്റൊരു ആപ്പിൾ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ പ്ലേ അക്കൗണ്ട് വഴി മേജർ സോക്കർ ലീഗ് 2025 സീസൺ ലൈവ് സ്ട്രീമിങും സബ്സ്ക്രൈബ് ചെയ്യാം.
വെറും 99 രൂപയാണ് ഇന്ത്യയിൽ ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ ചാർജ്. ഏഴ് ദിവസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും സേവനങ്ങൾ പരിശോധിക്കുന്നതിനായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോൺ, ഐ പാഡ് തുടങ്ങിയ ആപ്പിൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.എക്സ്ക്ലൂസീവ് ഷോകൾ, ഡോക്യുമെന്ററികൾ, സിനിമകൾ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് വിനോദ ഉള്ളടക്കങ്ങൾ നിറച്ചുകൊണ്ടാണ് ആപ്പിൾ ടിവി എത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് എന്നിവയാണ് പ്രധാന എതിരാളികൾ.