യുഎസ് ആപ്പ് സ്റ്റോറുകളിൽ തിരിച്ചെത്തി ടിക്ടോക്

വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിരോധനം വൈകിപ്പിച്ചതോടെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് അമേരിക്കയില്‍ ആപ്പ് സ്റ്റോറുകളില്‍ തിരിച്ചെത്തി. ഷോര്‍ട് വീഡിയോ ആപ്പായ ടിക്ടോക്, ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിലും ലഭ്യമായിത്തുടങ്ങിയതായാണ് റിപ്പോർട്ട് നിരവധി അമേരിക്കക്കാര്‍ ഉപയോഗിച്ചിരുന്ന ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പാണ് ടിക്ടോക്.
എന്നാല്‍ ടിക്ടോക്കിനെതിരെ സുരക്ഷാ ആരോപണങ്ങളുമായി യുഎസ് നിരോധന നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 19 നാണ് അമേരിക്കയില്‍ സമ്പൂര്‍ണ വിലക്ക് വരുന്നതിന് മുന്നോടിയായി ടിക്ടോക് ആപ്ലിക്കേഷന്‍ യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കംചെയ്യപ്പെട്ടിരുന്നത്. വിലക്ക് ഒഴിവാകാന്‍ ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ്, ഉടമകളായ ബൈറ്റ്‌ഡാന്‍സ് ഏതെങ്കിലും യുഎസ് കമ്പനിക്ക് വില്‍ക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന പോംവഴി. എന്നാല്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ടിക്ടോക്കിന്‍റെ വിലക്ക് നടപ്പാക്കുന്നത് 75 ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
ഇതോടെയാണ് അമേരിക്കയില്‍ ടിക്ടോക്കിന് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനുള്ള അവസരം വന്നത്. 2024ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ആപ്പാണ് ടിക്ടോക്. കൂടുതല്‍ ഡൗണ്‍ലോഡും ആപ്പിള്‍ സ്റ്റോറില്‍ നിന്നായിരുന്നു. ഇന്നലെ (വ്യാഴം) മുതല്‍ ടിക്ടോക് ആപ്പ് വീണ്ടും അമേരിക്കയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നിണ്ട്. ട്രംപ് ടിക്ടോക്കിന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള താല്‍ക്കാലിക അനുമതി നല്‍കിയിരുന്നെങ്കിലും ആപ്പ് സ്റ്റോറുകളില്‍ ഇത് ഗൂഗിളും ആപ്പിളും ലഭിച്ചിരുന്നില്ല.