ലുലു റീട്ടെയ്ൽ; 12.4% വളർച്ച നേട്ടം കൈവരിച്ചു

12.4% ലാഭ വളർച്ച നേടി ലുലു റീട്ടെയിൽ. മലയാളി വ്യവസായി എം.എ. യൂസഫലിയുടെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു റീട്ടെയിൽ 2024 സാമ്പത്തിക വർഷത്തിൽ 12.4 % ലാഭ വളർച്ച കൈവരിച്ചു. മുൻവർഷത്തെ 221.7 മില്യൻ ഡോളറിൽ നിന്ന് 249.2 മില്യൻ ഡോളറായാണ് ലാഭം കൂടിയത്. വരുമാനം 4.2% വർദ്ധിച്ച് 762 കോടി ഡോളറായി.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുമ്പുള്ള ലാഭം (EBITDA) 4.4 ശതമാനം വർദ്ധിച്ച് 786.3 മില്യൻ ഡോളറിലുമെത്തി. പുതിയ സ്റ്റോറുകൾ തുറന്നതും യുഎഇയും സൗദി അറേബ്യയുമടക്കം ഒട്ടുമിക്ക ജിസിസി രാഷ്ട്രങ്ങളിലും മികച്ച വിൽപനനേട്ടം കൈവരിച്ചതും ലാഭത്തിലും വരുമാനത്തിലും കാരണമായി.2024 വർഷത്തെ ലാഭവിഹിതമായി 84.4 മില്യൻ ഡോളറും ലുലു റീട്ടെയ്ൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 0.82 സെന്റ്സ് വീതമാണ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം ലഭിക്കുക.