ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ, സിംപിള്‍ വൺ ജെൻ 1.5

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പായ ജെൻ 1.5 വേർഷൻ അവതരിപ്പിച്ചു. ജെൻ 1 മോഡലിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 212 കിലോമീറ്ററായിരുന്നു സർട്ടിഫൈഡ് റേഞ്ച് (ഐ.ഡി.സി). ജെൻ 1.5-ലേക്ക് എത്തിയപ്പോൾ ഇത് 248 ആയി ഉയർന്നു. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ജെൻ 1.5 ആണെന്നാണ് കമ്പനിയുടെ അവകാശവാദം.
ഒന്നിലധികം സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ, നാവിഗേഷൻ, അപ്ഡേറ്റ് ചെയ്ത റൈഡ് മോഡുകൾ, പാർക്ക് അസിസ്റ്റ്, ഒ.ടി.എ അപ്ഡേറ്റുകൾ, റീജെൻ ബ്രേക്കിങ്, ട്രിപ് ഹിസ്റ്ററിയും സ്റ്റാറ്റിറ്റിക്സും, ഫൈന്റ് മൈ വെഹിക്കിൾ, ഓട്ടോ ബ്രൈറ്റ്നസ്, റാപ്പിഡ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, യു.എസ്.ബി ചാർജിങ് പോർട്ട് എന്നിങ്ങനെ നീളുന്നു സവിശേഷതകൾ.
പാർക്ക് അസിസ്റ്റ്, റിവേഴ്സ് മോഡ്, സെഗ്മെന്റിലെ ഏറ്റവും വലിയ 30 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും പ്രത്യേകയാണ്. കൂടാതെ ജെൻ 1 ഉടമകൾക്ക് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. 3.7kWh ഫിക്സിഡ് ബാറ്ററിയും 1.3kWh ന്റെ പോർട്ടബിൾ ബാറ്ററി പാക്കുമായാണ് 1.5 എത്തിയത്. 11.4 ബി.എച്ച്.പി (8.5kW)യും 72 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണുള്ളത്.
105 ആണ് ഉയർന്ന വേഗത. പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗതയെടുക്കാൻ വേണ്ടത് വെറും 2.77 സെക്കൻഡ് മാത്രമാണ്. 750W ചാർജർ വാഹനത്തോടൊപ്പം ലഭിക്കും. ഫീച്ചറുകളിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായെങ്കിലും വിലയിൽ മാറ്റമില്ല. 1.66 ലക്ഷം (എക്സ് ഷോറൂം) ആണ് വില. നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സിംപിള്‍ എനര്‍ജി ഷോറൂം ഉള്ളത്.