March 24, 2026

ദേശീയ തൊഴിലുറപ്പ് പദ്ധതി: കേന്ദ്രത്തിന്റെ കുടിശിക 6,434 കോടി രൂപ

0
images (2) (30)

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎസ്) കീഴില്‍ ഈ സാമ്പത്തിക വര്‍ഷം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 6,434 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീര്‍ത്തിട്ടില്ല. ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാന്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.

തമിഴ്നാടിനും ഉത്തര്‍പ്രദേശിനും തൊഴിലാളികളുടെ വേതനമായി നല്‍കേണ്ട 2,867 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, പദ്ധതിയുടെ മെറ്റീരിയല്‍ ഘടകങ്ങള്‍ക്കായി 19 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 6,130.61 കോടി രൂപയും കേന്ദ്രം നല്‍കാനുണ്ട്. എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിയിലേക്കുള്ള കേന്ദ്ര വിഹിതം ഈ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിപ്പിക്കാത്തതിനെതിരെ സംസ്ഥാനങ്ങള്‍ പരാതിപ്പെടുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ ഇതിന് 86,000 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്രം തമിഴ്നാടിന് 1,652.45 കോടി രൂപയും ഉത്തര്‍പ്രദേശിന് 1,214.85 കോടി രൂപയും വേതന കുടിശ്ശികയായി നല്‍കാനുണ്ട്. തൊഴിലവസരങ്ങളും വ്യക്തിദിനങ്ങളുടെ എണ്ണം കൂടിയതുമൂലം കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പ്രതിഫലം ലഭിച്ച സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് തമിഴ്നാടും ഉത്തര്‍പ്രദേശും. ഈ കുടിശ്ശിക പെട്ടെന്ന് തീര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 13ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്, തൊഴിലാളികളുടെ കൂലി കുടിശ്ശിക തീര്‍ക്കുന്നതിന് 1,056 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ലേബര്‍ ബജറ്റ് 20 കോടിയില്‍ നിന്ന് 35 കോടിയാക്കി ഉയര്‍ത്തുന്നതിനുള്ള അനുമതി ഗ്രാമവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പരിഷ്‌കരിക്കാത്ത തീരുമാനം തൊഴിലാളികള്‍ക്ക് വലിയ പ്രത്യാഘാതമേല്‍പ്പിക്കുമെന്ന് ലിബ്ടെക് ഇന്ത്യയുടെ മുതിര്‍ന്ന ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ചക്രധര്‍ ബുദ്ധ ചൂണ്ടിക്കാട്ടി. തൊഴില്‍ പൂര്‍ത്തിയാക്കിയതിന്റെ 15 ദിവസത്തിനകം പ്രതിഫലം നല്‍കണമെന്ന് നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കാത്തത് തൊഴിലാളികള്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ആകെ ബാധ്യത ഈ സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപയോളം വരും, പക്ഷേ ഇതുവരെ ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ബുദ്ധ പറഞ്ഞു.

ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-24 കാലഘട്ടത്തില്‍ 1.55 കോടി സജീവ എംജിഎന്‍ആര്‍ഇജിഎസ് തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *