സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു

സംരംഭകര്‍ക്ക് ഉണര്‍വേകി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയിലേക്ക് 10,000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നവീകരണ നടപടികള്‍ നടപ്പിലാക്കും. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ വാണിജ്യമന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുണ്ട്. വനിതകള്‍, എസ്സി, എസ്റ്റി വിഭാഗങ്ങളിലായി അഞ്ചുലക്ഷം പുതുസംരംഭകര്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ നല്‍കും. ഇതുവഴി അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതി അടുത്ത അഞ്ച് വര്‍ഷം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
സ്റ്റാന്‍ഡപ് ഇന്ത്യ പദ്ധതിയില്‍ നിന്നുള്ള പിന്തുണയോടെ ഈ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകും. സംരംഭകത്വ പരിശീലനം സര്‍ക്കാര്‍ നടത്തും. കൂടാതെ, നൈപുണ്യ വികസനത്തിന് അഞ്ച് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും.
ചെരുപ്പ് നിര്‍മാണ മേഖലയിലെ പുനരുദ്ധാരണത്തിനായി പ്രത്യേക ശ്രദ്ധ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ഉല്‍പ്പാദനം, ഗുണനിലവാരം വര്‍ധിപ്പിക്കുകയും വിപണിയില്‍ മത്സരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ചെരുപ്പ് നിര്‍മാണത്തിനും ലെതര്‍ മേഖലയ്ക്കുമുള്ള പ്രത്യേക നയം രൂപീകരിക്കും.
ലെതറല്ലാത്ത ചെരുപ്പുകളുടെ രൂപകല്‍പ്പന മെച്ചപ്പെടുത്താനും പുതിയ യന്ത്രങ്ങള്‍ കൊണ്ടുവരാനും ഗുണനിലവാരം ഉയര്‍ത്താനും നടപടികള്‍ കൈകൊള്ളും. ഈ പദ്ധതിയിലൂടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.