ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കം; ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. സമ്പദ് വ്യവസ്ഥയ്ക്ക് നിർണായകമായ വിവിധ സാമ്പത്തിക, നയ ബില്ലുകൾ സമ്മേളനത്തിൽ ചർച്ചയാകും. ജനുവരി 31-ന് രാഷ്ട്രപതി ദ്രൗപദി മുര്മു ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും സമ്മേളനത്തിന്റെ തുടക്കം. ബാങ്കിംഗ് നിയന്ത്രണ ബിൽ ഉൾപ്പെടെ നിരവധി പ്രധാന ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിലേക്കെത്തും. റെയിൽവേ വികസനം, ദുരന്തനിവാരണ നടപടികൾ, എണ്ണ പര്യവേക്ഷണം തുടങ്ങിയ ഭാരതത്തിന്റെ സാമ്പത്തിക ഘടനയെ നിർണയിക്കുന്ന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. ഫെബ്രുവരി 13 ന് ആദ്യ ഘട്ടം അവസാനിക്കുക. ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് അവതരണം 2025ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 31ന് രാഷ്ട്രപതിയുടെ പ്രസംഗത്തിനു പിന്നാലെ രാജ്യസഭയുടെ പ്രത്യേക സിറ്റിംഗ് നടക്കും. ഫെബ്രുവരി 3 മുതൽ 5 വരെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 10ന് ആരംഭിച്ച് ഏപ്രിൽ 4ന് അവസാനിക്കും. ഇത്തവണ അവതരിപ്പിക്കുന്ന ബജറ്റ്, ധനമന്ത്രി നിർമ്മല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റായിരിക്കും. ഇതോടെ, തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന റെക്കോർഡും നിർമ്മല സീതാരാമന് സ്വന്തമാകും.