ഡിജിറ്റൽ പേയ്മെന്റ് സംവിധാനവുമായി എക്സ്

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ്, ഈ വർഷം അവസാനത്തോടെ പുതിയ ഓൺലൈൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമുണ്ടാകുമെന്ന് അറിയിച്ചു. വിസയുടെ സഹകരണത്തോടെ എക്സ് ആപ്പിൽ പുതിയ സാമ്പത്തിക സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് എക്സ് സിഇഒ ലിൻഡ യാക്കാരിനോ പറഞ്ഞു. യുഎസിലെ പ്രധാന ക്രെഡിറ്റ് കാർഡ് നെറ്റ്വർക്ക് ആയ വിസയുടെ സഹകരണത്തോടെ ഈ പുതിയ പേയ്മെന്റ് സംവിധാനം അവതരിക്കുമെന്നും, ഉപഭോക്താക്കൾക്ക് എക്സ് വാലറ്റിലേക്ക് തൽക്ഷണ ഫണ്ടിംഗ് ലഭ്യമാകും എന്നും ലിൻഡ വ്യക്തമാക്കുന്നു.
2022-ൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് ഇതുണ്ടാകുന്നതെന്ന് കമ്പനി പറയുന്നു. മെസേജിംഗ്, സോഷ്യൽ നെറ്റ്വർക്കിംഗ്, പിയർ-ടു-പിയർ പേയ്മെന്റുകൾ, ഇ-കൊമേഴ്സ് ഷോപ്പിംഗ് തുടങ്ങി നിരവധി സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. എക്സ്-വിസ പങ്കാളിത്തത്തോടെ ഉപഭോക്താക്കൾക്ക് വിസ ഡയറക്ട് വഴി തൽക്ഷണ ഫണ്ടിംഗ് ലഭ്യമാക്കും. ഡെബിറ്റ് കാർഡുകളുമായി ഇത് ബന്ധിപ്പിക്കാനും വ്യക്തികൾക്കും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാനും സൗകര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
41 രാജ്യങ്ങളിൽ എക്സ് മണി രജിസ്റ്റർ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കഴിഞ്ഞ ഒരു വർഷമായി ഇത് അർപ്പണബോധത്തോടെ തയ്യാറാക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.