കേരളം കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു
ബജറ്റിന് മുന്നോടിയായി, കടമെടുപ്പ് പരിധി 3.5 ശതമാനം ആക്കി ഉയർത്തണമെന്നും, അത് ഉപാധി രഹിതമാകണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
വയനാട് പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവയ്ക്കായി ബജറ്റിൽ പ്രത്യേക പരിഗണന പ്രതീക്ഷിക്കുന്നുണ്ട്. 3.5 ശതമാനമായി കടമെടുപ്പ് പരിധി ഉയർത്തണം എന്നത് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. കൂടാതെ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ബജറ്റിൽ പ്രത്യേക ശ്രദ്ധ ലഭിക്കുമെന്നാണു കേരളത്തിന്റെ പ്രതീക്ഷ.
മനുഷ്യ-മൃഗ സംഘർഷ മേഖലകൾക്ക് ആയിരം കോടി രൂപയെങ്കിലും വകയിരുത്തണമെന്നും സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന. അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ സിൽവർലൈൻ, അങ്കമാലി-ശബരി, തലശ്ശേരി-മൈസൂർ റെയിൽ പാതകൾ എന്നിവയ്ക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയേക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
