7.89 ലക്ഷം രൂപ വില, 5-സ്റ്റാർ സുരക്ഷ: സ്കോഡ കൈലാക്ക് ഇന്ത്യൻ വിപണിയിലെത്തുന്നു

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വാഹന വിഭാഗങ്ങളിലൊന്നായ സബ് കോംപാക്റ്റ് എസ്യുവി സെഗ്മെന്റിൽ ചുവടുവെച്ച് ചെക്ക് വാഹന നിർമ്മാതാവായ സ്കോഡ. കമ്പനി തങ്ങളുടെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്യുവിയായ സ്കോഡ കൈലാക്ക് 2024 നവംബറിൽ അവതരിപ്പിച്ചിരുന്നു, 7.89 ലക്ഷം രൂപ എക്സ്-ഷോറൂം അടിസ്ഥാന വിലയോടെ. ഉപഭോക്താക്കൾക്ക് ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിച്ചിട്ടുണ്ട്. സ്കോഡയുടെ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ മൂന്നാമത്തെ പ്രധാന മോഡലാണ് കൈലാക്ക്. ഇതിന് മുമ്പ് സ്കോഡ കുഷാക്കും സ്ലാവിയയും കമ്പനിയ്ക്ക് ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 30% പങ്ക് നേടാൻ സഹായിച്ചിരുന്നു. ഈ വിജയത്തെ തുടർചുവടായി കൈലാക്ക് രാജ്യത്തെ ടയർ-2, ടയർ-3 നഗരങ്ങളിൽ വിപണി കൂടുതൽ വ്യാപിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് എത്തുന്നത്.
സ്കോഡ കൈലാക്ക് വിവിധ വേരിയൻറുകളിലാണ് ലഭ്യമാകുന്നത്. ബേസിക് മോഡലായ ക്ലാസിക് വേരിയൻ്റ് 7.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു (മാനുവൽ ട്രാൻസ്മിഷൻ). അതേസമയം, ടോപ്പ് മോഡലായ പ്രസ്റ്റീജ് വേരിയൻ്റിന് 13.35 ലക്ഷം രൂപ (മാനുവൽ) മുതൽ 14.40 ലക്ഷം രൂപ (ഓട്ടോമാറ്റിക്) വരെയായിരിക്കും വില. ഈ എസ്യുവി മാരുതി ബ്രെസ, ടാറ്റ നെക്സൺ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു തുടങ്ങിയ മോഡലുകളുമായാണ് മത്സരം നടത്തുന്നത്. ഡിസൈനിൽ, സ്പ്ലിറ്റ് ഹെഡ്ലാമ്പുകൾ, ബോക്സി പ്രൊഫൈൽ, ബട്ടർഫ്ളൈ ഗ്രിൽ എന്നിവ ഉൾപ്പെടുത്തിയത് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു. മികച്ച വേരിയൻറുകളിൽ 17 ഇഞ്ച് അലോയ് വീലുകളും എൽഇഡി ഡിആർഎല്ലുകളും ലഭ്യമാണ. 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെൻറിലേറ്റഡ് സീറ്റുകൾ, 6-വേ ഇലക്ട്രിക് സീറ്റുകൾ തുടങ്ങിയ ഉന്നത സവിശേഷതകളാണ് ഇതിന്റെ ഹൈ-എൻഡ് മോഡലുകൾ നൽകുന്നത്.
സുരക്ഷാ രംഗത്ത്, 25-ലധികം ഫീച്ചറുകൾ നൽകിയിട്ടുള്ള സ്കോഡ കൈലാക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടി കൊളിഷൻ ബ്രേക്ക്, എബിഎസ്, ഇബിഡി എന്നിവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ഈ മോഡൽ 114 ബി.എച്ച്.പി കരുത്തും 178 എൻ.എം ടോർക്കും സൃഷ്ടിക്കുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള അടിസ്ഥാന മോഡലിനൊപ്പം, ടോപ്പ് വേരിയൻറുകളിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും നൽകുന്നു.