സര്ക്കാര് ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം; മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്ഐഡി കാർഡ് നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം “ഇ-ഹെൽത്ത് കേരള” എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു. നിലവിൽ മലപ്പുറം ജില്ലയിലെ 60-ഓളം ആരോഗ്യസ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സേവനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 14-ൽ കൂടുതൽ സ്ഥാപനങ്ങളിൽ പുതിയ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രികളിൽനിന്ന് മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓൺലൈൻ ഒപി ബുക്കിംഗ് ഉടൻ തുടങ്ങും.
പൊതുജനങ്ങൾക്ക് ഇ-ഹെൽത്ത് പോർട്ടൽ വഴി സർക്കാർ ആശുപത്രികളിലെ ഡോക്ടർ കൺസൾട്ടേഷനുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ബുക്കിങ് ദിവസം ഡോക്ടർമാരുടെ ലിസ്റ്റ്, രോഗിയുടെ മെഡിക്കൽ വിവരങ്ങൾ, ലാബ് ടെസ്റ്റുകളുടെ ഫലങ്ങൾ, ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുകൾ എന്നിവ മൊബൈൽ ആപ്പിൽ ലഭ്യമാക്കും. ബുക്കിങ്ങിനൊപ്പം ഒപി ടിക്കറ്റ് ചാർജുകൾ ഓൺലൈൻ വഴി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ക്യൂവിൽ നിൽക്കാതെ നേരിട്ട് ടോക്കൺ നമ്പർ ലഭ്യമാക്കുന്ന “സ്കാൻ ആൻഡ് ബുക്ക്” എന്ന സംവിധാനം മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യസ്ഥാപനത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് വഴി ഡോക്ടറുടെ കൺസൾട്ടേഷനായി ലഭ്യമായ ടോക്കൺ ലഭ്യമാകും. ടോക്കൺ ലഭിക്കുന്നതിനോടൊപ്പം ബാധകമായ ഒപി ചാർജുകൾ ഓൺലൈനായി അടയ്ക്കാം. നിലവിൽ മലപ്പുറം ജില്ലയിലെ ഇ-ഹെൽത്ത് സേവനം ലഭ്യമായ ആരോഗ്യസ്ഥാപനങ്ങളിൽ ഇ-പോസ് മെഷീനുകളുടെ സഹായത്തോടെ എല്ലാ ബില്ലിംഗ് പേയ്മെന്റുകളും നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യസ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കാൻ പ്രവർത്തനങ്ങൾ തുടരുകയാണ്.