സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് ഉയർച്ച; പവന് 60,440 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്ന് റെക്കോർഡിൽ എത്തി. ഇന്ന് പവന് 240 രൂപ വർധിച്ച് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 60,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയുമുൾപ്പെടെ പവന് 65,000 രൂപക്കു മുകളിൽ തുക നൽകേണ്ടി വരും.
സാധാരണയായി നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സ്വർണത്തിനുള്ള ഡിമാൻഡ് ഉയരുന്ന പതിവുണ്ട്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ ഡോളർ വിലയിൽ ഉണ്ടായ കുത്തനെയുള്ള വർധനയും ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതും ഈ വർധനയ്ക്ക് പ്രധാനകാരണമാണെന്ന് വിലയിരുത്തുന്നു.
ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വിപണി വില 7,555 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 6,230 രൂപയായി രേഖപ്പെടുത്തി. ഇതിന് പുറമെ, വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വർധനയോടെ ഹാൾമാർക്ക് വെള്ളിയുടെ ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ നിരക്ക്.