June 8, 2025

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം; മഞ്ഞപ്പിത്ത ബാധ വർധിക്കുന്നു

0
images (15)

കോഴിക്കോട്: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്ത് വാക്സിൻ ലഭ്യമല്ല. കഴിഞ്ഞ മാസം കുറഞ്ഞ അളവിൽ എത്തിച്ചുവെങ്കിലും വേഗത്തിൽ തീർന്നു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യമാണ്. ഇതോടെ ആദ്യ ഡോസ് എടുത്തവർക്കും തുടര്‍ ഡോസ് ലഭിക്കാത്ത പ്രതിസന്ധി നേരിടേണ്ടി വരുന്നു. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഒരുമാസം, ആറുമാസം, അഞ്ചുവർഷം എന്ന ക്രമത്തിൽ തുടർ ഡോസ് സ്വീകരിക്കേണ്ടതാണ്.

ചില കാരുണ്യഫാർമസികളിൽ കുറച്ച് ഡോസുകൾ മാത്രം ബാക്കിയുണ്ട്. കേന്ദ്ര സർക്കാരിന്റെ വാക്സിൻ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ കുട്ടികൾക്കുള്ള വാക്സിനാണ് സർക്കാർ ആശുപത്രികളിൽ മാത്രം ലഭ്യമാക്കുന്നത്.

എം.ബി.ബി.എസ്. പ്രവേശനത്തിനായി ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർബന്ധമായതിനാൽ ദൗർലഭ്യത്തെത്തുടർന്ന് വിദ്യാർഥികൾക്കും വാക്സിൻ എടുക്കാൻ സാധിക്കുന്നില്ല. ദേശീയ രോഗപ്രതിരോധദൗത്യത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വാക്സിൻ വിതരണം ചെയ്യുമ്പോഴും രാജ്യത്തെ ഉത്പാദനം കുറവായതാണ് ക്ഷാമത്തിന് പ്രധാന കാരണം എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം വർധിക്കുന്നതിനും രൂക്ഷമായ പ്രതിസന്ധിയുണ്ട്. ജനുവരി 13 വരെ 308 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട്, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ മുതിർന്നവർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ലഭ്യമല്ല.

വാക്സിൻ ലഭ്യതയും വിതരണം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ആരോഗ്യവകുപ്പിൽ നിന്നുള്ള മറുപടി പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.

ഹെപ്പറ്റൈറ്റിസ് ബി: രോഗം എങ്ങനെ പകരും?

കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. ഇതിന് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വിവിധ വകഭേദങ്ങളുണ്ട്. ക്ഷയം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണിത്. 2019-ൽ മാത്രം 11 ലക്ഷം മരണമാണ് ഇതിനെത്തുടർന്ന് റിപ്പോർട്ട് ചെയ്തത്, അതിൽ 83% മരണങ്ങൾ ഹെപ്പറ്റൈറ്റിസ് ബി മൂലമാണെന്ന് പറയുന്നു.

രോഗബാധിതരുടെ രക്തത്തിലൂടെയും ശാരീരിക സ്രവങ്ങളിലൂടെയും ഈ രോഗം പകരാം. ദീർഘകാല രോഗബാധയോടെ ഇത് ലിവർസിറോസിസ് പോലുള്ള ഗുരുതര അവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *