സമയകൃത്യതയിൽ ഒന്നാമത് വന്ദേഭാരത്

രാജ്യത്ത് തീവണ്ടിയുടെ സമയ കൃത്യതയില്‍ വന്ദേഭാരത് ഒന്നാമത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിക്കുന്നത്.
ട്രെയിനുകളുടെ സമയ കൃത്യത പരിശോധിച്ചാൽ താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ടെന്നും 2024ല്‍ രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികൾ വൈകിയോടുന്നത് 8 ശതമാനം കുറവാണെന്നും വൈകിയോടുന്ന സമയം 20 മിനുട്ടില്‍ നിന്ന് 18 മിനുട്ടായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സമയകൃത്യതയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തീവണ്ടികളാണെന്നും ബംഗാള്‍, ഒഡിഷ, തമിഴ്നാട് സംസ്ഥാനങ്ങളിലെ ട്രെയിനുകളും സമയകൃത്യത പാലിക്കുന്നതില്‍ പിറകോട്ട് പോയിയെന്നും റിപ്പോർട്ട് പറയുന്നു.
ട്രെയിനുകളില്‍ ഹംസഫര്‍ എക്സ്പ്രസാണ് കൃത്യസമയം പാലിക്കുന്നതില്‍ രാജ്യത്ത് ഏറ്റവും പുറകിലുള്ളത്. ശരാശരി 55 മിനുട്ട് വരെയാണ് ഈ ട്രെയിനുകള്‍ വൈകിയോടുന്നത്. തുരന്തോ എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, വന്ദേഭാരത് എന്നിവ മികച്ച പ്രകടനം നടത്തുന്ന തീവണ്ടികളാണ്.