വെറും 10 മിനിറ്റിൽ ഭക്ഷണം എത്തും; സ്നാക്ക് ആപ്പുമായി സ്വിഗ്ഗി

തിരക്കേറിയ നഗരജീവിതത്തിൽ ഭക്ഷണത്തിനായി സമയം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും ആവശ്യവും കൂടുകയാണ്. ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് ആശ്രയമാകുന്നത് പെട്ടെന്നു ലഭിക്കുന്ന ഫാസ്റ്റ് ഫുഡുകളും ലഘുഭക്ഷണങ്ങളുമാണ്. ഇക്കാര്യം ലക്ഷ്യമിട്ട് ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി പുതിയ ഡെലിവറി ആപ്പായ ‘സ്നാക്ക്’ അവതരിപ്പിച്ചു. 10 മുതൽ 15 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കുന്നതാണ് ഈ ആപ്പിന്റെ മുഖ്യ പ്രത്യേകത. പെട്ടെന്ന് ലഭ്യമായ ഫാസ്റ്റ് ഫുഡ്, ലഘുഭക്ഷണം, പാനീയങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സ്നാക്ക്, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് സ്നാക്കിന്റെ സേവനം ആദ്യം ലഭ്യമാക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഉപഭോക്താക്കൾക്ക് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്പ് ലഭ്യമാക്കുന്നുണ്ട്. ശക്തമായ ബ്രാൻഡിന്റെ പിന്തുണയും സമർത്ഥമായ ലോജിസ്റ്റിക് ശൃംഖലയും കൈവശമുള്ള സ്വിഗ്ഗി, അതിവേഗത്തിൽ വളരുന്ന ഈ മേഖലയിലും മുന്നേറ്റം നേടുമെന്ന പ്രതീക്ഷയിലാണ്. ഇതുവരെ സ്വിഗ്ഗി അതിന്റെ വിവിധ സേവനങ്ങൾ, ഫുഡ് ഡെലിവറി മുതൽ ക്വിക്ക് കൊമേഴ്സ്, ഹൈപ്പർലോക്കൽ ഡെലിവറി, ഡൈനിംഗ് ഔട്ട് എന്നിവയൊക്കെ ഒരു ആപ്പിന്റെ കീഴിലാണ് നൽകിയത്. എന്നാൽ, ഈ രംഗത്ത് ആദ്യമായി ഒരു പ്രത്യേക സേവനത്തിന് പ്രത്യേകമായ ഒരു ആപ്പ് ആരംഭിച്ച് സ്നാക്കിലൂടെ സ്വിഗ്ഗി പുതിയ അടയാളം കുറിക്കുകയാണ്.