25 കിലോമീറ്റർ മൈലേജും 6.49 ലക്ഷം രൂപ വിലയും; മാരുതി സ്വിഫ്റ്റ് വിൽപ്പനയിൽ മുൻപന്തിയിൽ

രാജ്യത്ത് പ്രതിവർഷം വിൽപ്പനയിൽ പുതിയ നേട്ടങ്ങൾ കുറിക്കുന്ന മാരുതി സുസുക്കി ഇന്ത്യ 2024 ഡിസംബറിലും മികച്ച വിൽപ്പന കൈവരിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ 29,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതോടെ, മാരുതി സ്വിഫ്റ്റ് രാജ്യത്തെ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന കാറായി മാറി. കമ്പനി മൊത്തം 2,52,693 യൂണിറ്റുകൾ ഡിസംബറിൽ വിറ്റതായി റിപ്പോർട്ട് ചെയ്തു, ഇതിൽ സ്വിഫ്റ്റിന്റെ വിഹിതം 29,765 യൂണിറ്റുകളാണ്.
ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി സ്വിഫ്റ്റ് മാറി. 2024 മെയ് മാസത്തിൽ അവതരിപ്പിച്ച നാലാം തലമുറ മോഡൽ ഇപ്പോഴും ഹാച്ച്ബാക്ക് ശ്രേണിയിൽ ഒന്നാമതാണ്. 6.49 ലക്ഷം മുതൽ 9.59 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള സ്വിഫ്റ്റ് ആകർഷണീയമായ ഫീച്ചറുകളുമായി വിപണിയിൽ മുന്നേറുന്നു. പുതിയ സ്വിഫ്റ്റിൽ മനോഹരമായ ഇൻടീരിയർ, പിൻഭാഗത്ത് എസി വെന്റുകൾ, വയർലെസ് ചാർജർ, ഡ്യുവൽ ചാർജിംഗ് പോർട്ട് എന്നിവ ലഭ്യമാണ്. 9 ഇഞ്ച് ഇൻഫോടെയിൻമെൻറ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡാഷ്ബോർഡിലെ പുതുമകൾ എന്നിവയും പ്രയോജനകരമാണ്.
ബലെനോ, ഗ്രാൻഡ് വിറ്റാര എന്നിവയിലെ പോലെ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ സംവിധാനവും ചേർത്തിട്ടുണ്ട്. പുതിയ Z സീരീസ് എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നതും സ്വിഫ്റ്റിന് ഗണ്യമായ മൈലേജ് വർദ്ധന നൽകിയിട്ടുണ്ട്. 1.2 ലിറ്റർ Z12E 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 80 bhp കരുത്തും 112 Nm ടോർക്കും സൃഷ്ടിക്കുന്നു. 24.80 കിലോമീറ്റർ മാനുവൽ ഗിയർബോക്സിലും 25.75 കിലോമീറ്റർ ഓട്ടോമാറ്റിക് വേരിയൻറിലും മൈലേജ് കമ്പനി അവകാശപ്പെടുന്നു.
സുരക്ഷാ ഫീച്ചറുകളിൽ ഹിൽ ഹോൾഡ് കൺട്രോൾ, ഇഎസ്പി, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, 3-പോയിൻറ് സീറ്റ്ബെൽറ്റുകൾ, ആൻറിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാരുതി സ്വിഫ്റ്റിന്റെ ഈ നേട്ടങ്ങൾ അതിന്റെ ജനപ്രിയതയും വിപണിയിലെ ഇടവും കൂടുതൽ ശക്തിപ്പെടുത്തുന്നതായി കാണാം.