വാട്‌സ്ആപ്പ്, സൈബർ തട്ടിപ്പുകാർക്ക് പ്രിയപ്പെട്ട പ്ലാറ്റ്‌ഫോം; മൂന്ന് മാസത്തിൽ 43,797 പരാതികൾ

ദില്ലി: സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്ന കണക്കുകൾ അനുസരിച്ച്, ടെലഗ്രാമും ഇൻസ്റ്റാഗ്രാമും സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന മറ്റ് പ്രാധാന്യമുള്ള പ്ലാറ്റ്‌ഫോമുകളാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയത്.
2024 ജനുവരി മുതൽ മാർച്ച് വരെ വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട 43,797 സൈബർ തട്ടിപ്പ് പരാതികൾ ലഭിച്ചു. ഇതിന് പുറമെ, ടെലഗ്രാമിൽ 22,680 കേസുകളും ഇൻസ്റ്റഗ്രാമിൽ 19,800 കേസുകളും റിപ്പോർട്ട് ചെയ്തു. 2023-24 വാർഷിക റിപ്പോർട്ട് പ്രകാരം, ഗൂഗിൾ സേവനങ്ങളാണ് തട്ടിപ്പുകൾക്ക് കൂടുതൽ പ്രാധാന്യമുള്ള ഒരു മേഘല. ഗൂഗിൾ പരസ്യ പ്ലാറ്റ്‌ഫോമുകൾ, പ്രത്യേകിച്ച് Google Ads, തട്ടിപ്പുകൾ നടത്താൻ കൂടുതൽ എളുപ്പമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലില്ലാത്ത യുവാക്കൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർ സൈബർ കുറ്റകൃത്യങ്ങൾക്കുള്ള പ്രധാന ലക്ഷ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.