ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ; CR450 അവതരിപ്പിച്ച് ചൈന

ബെയ്ജിംഗ്: 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ മോഡൽ CR450 പുറത്തിറക്കി ചൈന. ഇതുവരെ ഏറ്റവും വേഗമേറിയ CR400 മോഡലിന്റെ സ്പീഡ് റെക്കോർഡാണ് CR450 മറികടന്നിരിക്കുന്നത്. CR400 മോഡലിന്റെ പരമാവധി വേഗം 350 കിലോമീറ്ററായിരുന്നു. CR450 പ്രോട്ടോടൈപ്പ് ഞായറാഴ്ച പരീക്ഷണോട്ടം നടത്തി. ട്രയൽ റൺ സമയത്ത് മണിക്കൂറിൽ 450 കിലോമീറ്റർ വേഗം കൈവരിക്കാമെന്ന് ചൈന റെയിൽവേ അധികൃതർ അറിയിച്ചു. പുതിയ മോഡലിന് യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ, കണക്റ്റിവിറ്റിയും യാത്രാസൗകര്യവും മെച്ചപ്പെടുത്താൻ കഴിയും. ഇത് കൂടുതൽ കാര്യക്ഷമമായ യാത്രാനുഭവം നൽകുമെന്നും ചൈന റെയിൽവേ വ്യക്തമാക്കി. ചൈനയിൽ വലിയ തോതിൽ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ബെയ്ജിംഗ്-ഷാങ്ഹായ് ട്രെയിൻ സർവീസാണ് ഏകദേശം ലാഭകരമെന്ന് കണക്കാക്കുന്നത്. മറ്റ് നെറ്റ്വർക്കുകൾ ഇതുവരെ ലാഭകരമല്ല.
ലാഭം ലഭിക്കാത്തതിനേക്കാൾ ഹൈസ്പീഡ് റെയിൽവേ നെറ്റ്വർക്കിന്റെ വിസ്താരം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിക്ക് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ചൈന പറയുന്നു. കൂടാതെ യാത്രാസമയം കുറക്കുകയും റെയിൽവേ റൂട്ടുകളിലെ വ്യവസായിക വികസനത്തിന് സഹായകമാവുകയും ചെയ്തിട്ടുണ്ട്.