ഓണ്‍ലൈൻ ടാക്സി: ആന്‍ഡ്രോയിഡിലും ഐഫോണിലും ബുക്ക് ചെയ്താല്‍ വ്യത്യസ്ത നിരക്ക്; അന്വേഷണവുമായി കേന്ദ്രം

ഒരേ യാത്രയ്ക്ക് ബുക്ക് ചെയ്യുമ്പോൾ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍നിന്ന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ടാക്സികള്ക്കുനേരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ ഒല, ഊബര്‍, റാപ്പിഡോ തുടങ്ങിയ റൈഡ് ആപ്പുകളെ കുറിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ആന്ഡ്രോയിഡുകാരില്നിന്നും ഐഫോണുകാരില്നിന്നും വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച് എക്സിലൂടെയായിരുന്നു പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം. ഓണ്‍ലൈന്‍ ടാക്സിയില്‍ മാത്രമായിട്ട് അന്വേഷണം ഒതുങ്ങില്ല. ഫുഡ് ഡെലിവറി ആപ്പുകളിലും ടിക്കറ്റ് ബുക്കിങ് ആപ്പുകളിലും ഇത്തരത്തില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.