ബാംഗ്ലൂരിൽ ഇഡ്ലി-ദോശ മാവ് പുറത്തിറക്കി നന്ദിനി

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) കീഴിലുള്ള പ്രശസ്ത ബ്രാൻഡ് നന്ദിനി, നഗര ഉപഭോക്താക്കള്‍ക്കായി പ്രോട്ടീൻ സമ്പന്നമായ റെഡി-ടു-കുക്ക് ഇഡ്ലി-ദോശ മാവ് വിപണിയിലെത്തിച്ചു. ദക്ഷിണേന്ത്യന്‍ പ്രഭാതഭക്ഷണമായ ഇഡ്ലിയും ദോശയും കൂടുതൽ പോഷക സമ്പുഷ്ടമാക്കുന്നതിന് 5 ശതമാനം പ്രോട്ടീന്‍ അടങ്ങിയ മാവാണ് കമ്പനി പുറത്തിറക്കിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉല്‍പ്പന്നം ലോഞ്ച് ചെയ്തു. നഗരവാസികള്‍ക്കുള്ള ജോലിസമ്മര്‍ദം കാരണം വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പലര്‍ക്കും സമയം ഇല്ലെന്നും, അതിനാൽ വേഗത്തിൽ തയ്യാറാക്കാവുന്ന റെഡി-ടു-കുക്ക് ഭക്ഷണങ്ങൾ ഉയർന്ന പ്രശസ്തി നേടുകയാണെന്നും കെഎംഎഫ് വ്യക്തമാക്കി. “മികച്ച ഗുണനിലവാരമുള്ള, ആരോഗ്യകരമായ, 5% പ്രോട്ടീന്‍ അടങ്ങിയ നന്ദിനി ഇഡ്ലി-ദോശ മാവ് ഉപഭോക്താക്കള്‍ക്ക് മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം,” കെഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞു.മാവ് 450 ഗ്രാം പാക്ക് 40 രൂപയ്ക്കും 900 ഗ്രാം പാക്ക് 80 രൂപയ്ക്കും ലഭ്യമാകും. ഈ ഉല്‍പ്പന്നങ്ങള്‍ നന്ദിനി പാല് പാര്‍ലറുകളില്‍ വില്പനയ്ക്ക് ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഈ ഉല്‍പ്പന്നം ലഭ്യമാക്കുക. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് വിപണനം വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കെഎംഎഫ് പരിശോധിക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.