അക്ഷരനഗരിയിൽ ലുലു നാളെ പ്രവർത്തനം ആരംഭിക്കും

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ നാളെ കോട്ടയത്ത് പ്രവർത്തനം ആരംഭിക്കും. മാളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ശനിയാഴ്ച വൈകുന്നേരം നാലിന് ശേഷം അനുവദിക്കും. കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണ് മണിപ്പുഴയിൽ സജ്ജമാക്കിയിരിക്കുന്നത്.3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളായി നിർമ്മിച്ചിരിക്കുന്ന മാളിന്റെ മുഖ്യ ആകർഷണങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ്. മാളിൽ വിവിധ ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കായി കളിസ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്. 1,000 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിനുണ്ട്. കോട്ടയം ശാഖയ്ക്ക് പിന്നാലെ, കൊല്ലം കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്ലി സൂപ്പർ മാർക്കറ്റുകൾ ഈ മാസം തന്നെ തുറക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റ് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.കോട്ടയം മാളിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷനാകും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം പ്രസംഗം നടത്തും. എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി സ്വാഗതം പറയും. വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കുചേരും.